1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2012

ജപ്പാനെ തളര്‍ത്തിയ ഭൂകമ്പത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11നാണു പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 2.46നു രാജ്യത്തെ നടുക്കി ഉഗ്രഭൂകമ്പവും തുടര്‍ന്നു സുനാമിയുമുണ്ടായത്. ഭൂകമ്പമാപിനിയില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഉഗ്രഭൂകമ്പത്തിനു പിന്നാലെ ആയിരത്തോളം തുടര്‍ചലനങ്ങളും ജപ്പാനെ തളര്‍ത്തി.

ദുരന്തത്തില്‍ 16,000 പേര്‍ മരിച്ചെന്നാണ് ഔദ്യോഗികകണക്ക്. 3,500 പേരെ കണ്െടത്താനായില്ല. നഷ്ടം ഇനിയും തിട്ടപ്പെടുത്താനായിട്ടുമില്ല. ദുരന്തത്തെത്തുടര്‍ന്നു ഫുക്കുഷിമ ആണവനിലയം അപകടാവസ്ഥയിലായതു സര്‍ക്കാരിനെ മാത്രമല്ല, ഒരു ജനതയെ മുഴുവന്‍ തീരാദുരിതത്തിലും പ്രതിസന്ധിയിലുമാക്കി. തലസ്ഥാനമായ ടോക്കിയോയില്‍നിന്നും നാലു സംസ്ഥാനങ്ങളില്‍നിന്നും ജനങ്ങള്‍ പലായനം ചെയ്തു. സുനാമിത്തിരകളില്‍പ്പെട്ടു വാഹനങ്ങളും ഗ്രാമങ്ങളും ഒലിച്ചുപോകുന്ന കാഴ്ച ടെലിവിഷനുകളില്‍ക്കൂടി തത്സമയംകണ്ടു ലോകം നടുങ്ങിയ നിമിഷങ്ങള്‍.

ഭൂകമ്പത്തെത്തുടര്‍ന്ന് ഫുക്കുഷിമ ആണവനിലയത്തിലെ മൂന്നു റിയാക്ടറുകള്‍ക്കു കേടുപാടു സംഭവിച്ചതോടെ റഷ്യയിലെ ചെര്‍ണോബില്‍ ആണവദുരന്തത്തിനു സമാനമായ സ്ഥിതിവിശേഷമാണു സംജാതമായത്. അണുവികിരണത്തെത്തുടര്‍ന്നു ഫുക്കുഷിമയ്ക്കു പുറമേ അയല്‍സംസ്ഥാനങ്ങളിലെയും ജലവും കൃഷിയിടങ്ങളും വിഷമയമായി.

നഷ്ടത്തില്‍ വ്യാകുലപ്പെട്ടു സമയം പാഴാക്കാന്‍ ജപ്പാനിലെ ജനതയും സര്‍ക്കാരും തയാറായില്ല. പരമ്പരാഗതമായി കൈമാറിവന്ന കഠിനാധ്വാന മനഃസ്ഥിതിയും നിശ്ചയദാര്‍ഢ്യവും അവരെ വീണ്ടും മുന്നേറ്റത്തിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്. ഭൂകമ്പം തൂത്തെറിഞ്ഞ പ്രദേശങ്ങളില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. അപകടാവസ്ഥയിലായിരുന്ന ആണവനിലയങ്ങളെല്ലാം പൂര്‍വസ്ഥിതിയിലാക്കി. അണുവികിരണസാധ്യത ഇല്ലാതായതായി അന്താരാഷ്ട്ര ആണവ വിദഗ്ധരും സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.

ജപ്പാന്‍ ജനതയുടെ സത്യസന്ധതയും ഈ ദുരന്തത്തോടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സുനാമി തൂത്തെറിഞ്ഞ പ്രദേശങ്ങളില്‍നിന്നു ലഭിച്ച സ്വര്‍ണാഭരണങ്ങളും മറ്റു വിലയേറിയ വസ്തുക്കളും ഇവര്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചു. ഏകദേശം 200 കോടി ഡോളറിനു തുല്യമായ തുകയ്ക്കുള്ള വസ്തുക്കളാണത്രേ ഇത്തരത്തില്‍ സര്‍ക്കാരിനു ലഭിച്ചത്.

ദുരന്തം ഭരണമാറ്റത്തിലേക്കും നയിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നു പ്രധാനമന്ത്രി നവാതോ കാന്‍ രാജിവയ്ക്കുകയും പുതിയ പ്രധാനമന്ത്രിയായി ധനമന്ത്രിയായിരുന്ന യോഷിഹികോ നോഡ അധികാരമേല്‍ക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.