സ്വന്തം ലേഖകന്‍: ജപ്പാനെ മുക്കി പേമാരി; മരണസംഖ്യ 81 ആയി; പടിഞ്ഞാറന്‍ മേഖലയില്‍ 2000 ത്തോളം പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. നിരവധിപേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജപ്പാനിലെ ഹിരോഷിമ,എഹിമേ മേഖലകളിലും ഹോന്‍ഷു ദ്വീപിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലകളിലുമാണ് മഴ ഏറെ നാശനഷ്ടമുണ്ടാക്കിയത്. വ്യാഴാഴ്ച തുടങ്ങിയ പേമാരിയില്‍ നൂറോളം വീടുകളാണ് തകര്‍ന്നത്. 15 ലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
കനത്തെ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പലരും വീടുകളുടെ മേല്‍ക്കൂരയിലും ബാല്‍ക്കണികളിലും അഭയം തേടിയിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെവരെ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പെങ്കിലും മഴ തോരുന്ന ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുവെന്നും വിവിധ ഏജന്‍സികളെ ഏല്പിച്ചിരിക്കുന്ന രക്ഷാപ്രവര്‍ത്തത്തില്‍ ആയിരക്കണക്കിനാളുകള്‍ സഹകരിക്കുന്നതായും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.
ഒരാഴ്ചയായി മഴ തോരാതെ പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നദികള്‍ കവിഞ്ഞൊഴുകിയതിനാല്‍ അണക്കെട്ടുകള്‍ എല്ലാം തുറന്നു വിട്ടിരിക്കുകയാണ്. 3,75,000 ത്തോളം ആളുകളോട് വീടുകള്‍ ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒയിറ്റയില്‍നിന്ന് 21,000 പേരെയാണ് ഒഴിപ്പിക്കുന്നത്. സ്‌കൂളുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ഒഴിപ്പിച്ച ആളുകളെ പുനരധിവസിപ്പിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അധികൃതരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല