സ്വന്തം ലേഖകൻ: വടക്കൻ-മധ്യ ജപ്പാനിൽ ഇന്നലെ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടാകുകയും, രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് സുനാമി തിരമാലകൾ ആഞ്ഞടിക്കുകയും ചെയ്തതോടെ, ഇതുവരെ ജപ്പാനിൽ മരിച്ചത് 48 പേരെന്ന് റിപ്പോർട്ട്. രക്ഷാദൌത്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇഷികാവയിൽ വീണ്ടും ഭൂചലന മുന്നറിയിപ്പ് അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് നിലവിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ സുനാമി മുന്നറിയിപ്പുകളും പിൻവലിച്ചിട്ടുണ്ട്. വലിയ സുനാമികൾ ഉണ്ടായിട്ടില്ലെങ്കിലും പലതീരദേശ മേഖലകളിലും ഉയർന്ന തിരമാലകൾ ആഞ്ഞടിച്ചു. നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സുനാമി വീഡിയോകളിൽ പലതും മുൻകാലങ്ങളിലേതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഫാക്ട് ചെക്ക് വിഭാഗം റിപ്പോർട്ട് ചെയ്തു.
ഭൂകമ്പത്തെ തുടർന്ന് ഇഷികാവ പ്രിഫെക്ചറിലെ സെൻട്രൽ വാജിമ സിറ്റിയിൽ ഉണ്ടായ തീപിടിത്തത്തിൽ 100 ഓളം കെട്ടിടങ്ങൾ കത്തിനശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗര കേന്ദ്രത്തിലെ പ്രശസ്തമായ അസൈച്ചി സ്ട്രീറ്റിലെ നിരവധി കെട്ടിടങ്ങളും തടി കടകളും കത്തിനശിച്ചതായി പ്രാദേശിക അഗ്നിശമന വിഭാഗം അറിയിച്ചു. പ്രാദേശിക ചാനലായ എൻഎച്ച്കെ ആണ് അപകടം റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല