സ്വന്തം ലേഖകന്‍: ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലേക്ക്. പാര്‍ലമെന്റിലെ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികൊമെയ്‌തോ സഖ്യം മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആകെയുള്ള 465 സീറ്റില്‍ 312 സീറ്റില്‍ സഖ്യം വിജയിച്ചു. മൂന്ന് സ്വതന്ത്രരുള്‍പ്പെടെ 283 സീറ്റുകളാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചത്.
ടോക്യോ ഗവര്‍ണര്‍ യുറികോ കിയോകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷപാര്‍ട്ടിയായ പാര്‍ട്ടി ഓഫ് ഹോപ്പിന് 49 സീറ്റ് ലഭിച്ചു. മറ്റൊരു പ്രധാന എതിര്‍കക്ഷി കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സി.ഡി.പി) 54 സീറ്റുനേടി. കൂടുതല്‍ സീറ്റ് നേടിയ സി.ഡി.പി.യാകും പ്രധാന പ്രതിപക്ഷം. തിരഞ്ഞെടുപ്പ് വിജയത്തോടെ രാജ്യത്ത് കൂടുതല്‍കാലം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തി എന്ന ബഹുമതിക്ക് ആബെ അര്‍ഹനാകും.
ആബെയുടെ വിജയം ജപ്പാന്റെ ഭരണഘടനാ ഭേദഗതി വേഗത്തിലാക്കുമെന്നാണ് സൂചന. പൊതുജനങ്ങളുടെ ശക്തമായ പിന്തുണ ലഭിച്ചെന്നും ലക്ഷ്യം നേടിയെന്നും ഷിന്‍സോ ആബെ പ്രതികരിച്ചു. ഭരണഘടനാ ഭേദഗതിക്കായി ജനഹിതപരിശോധന നടത്തില്ലെന്നും പകരം മറ്റു പാര്‍ട്ടികളോട് പിന്തുണ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല