സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധത്തിന്റെ ഓര്‍മകളുണര്‍ത്തി അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഒരുങ്ങുന്നു. ഇതോടെ ഹവായിലെ യുഎസ് നേവല്‍ ബേസ് സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന്‍ പ്രധാനമന്ത്രിയാകും അബേ. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 75 ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണു സന്ദര്‍ശനം.
ഡിസംബര്‍ 27 നു യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്കൊപ്പമായിരിക്കും അബെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുക. ഈ വര്‍ഷം ബറാക്ക് ഒബാമ ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു. 1941 ല്‍ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു ജപ്പാന്‍ പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണത്തില്‍ 2300 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ജപ്പാന്റെ അപ്രതീക്ഷിതമായ പേള്‍ ഹാര്‍ബര്‍ ആക്രമണം യുഎസിന് കനത്ത മുറിവേല്‍പ്പിക്കുകയും ലോകമഹായുദ്ധത്തിലേക്ക് കക്ഷി ചേര്‍ക്കുകയും ചെയ്തു. ജപ്പാന്റെ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വര്‍ഷിച്ചാണ് പേള്‍ ഹാര്‍ബറിലേറ്റ മുറിവിന് യുഎസ് കണക്കുതീര്‍ത്തത്.
ജപ്പാന്‍ ഇനി ഒരിക്കലും ഇത്തരത്തിലുള്ള യുദ്ധം ആവര്‍ത്തിക്കില്ലെന്നും യുഎസുമായുള്ള ഐക്യമാണു ലക്ഷ്യമെന്നും അബെ പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല