സ്വന്തം ലേഖകന്‍: മൂന്നാഴ്ച കൊണ്ട് 9 സെമി ഉയരം കൂടിയതായി ബഹിരാകാശ സഞ്ചാരി; പിന്നാലെ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലും. ബഹിരാകാശ യാത്രികനായ ജപ്പാന്‍കാരന്‍ നോറിഷിഗെ കനായിയുടെ തിങ്കളാഴ്ചത്തെ ട്വിറ്റര്‍ പോസ്റ്റാണ് ലോകത്തെ ഞെട്ടിച്ചത്.
ആറു മാസത്തെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം ബഹിരാകാശത്തെത്തിയ കനായിയുടെ നീളം 9 സെ.മീറ്റര്‍ കൂടിയെന്നായിരുന്നു ട്വീറ്റ്. ഇങ്ങനെ വളര്‍ന്നാല്‍ തിരിച്ച് നാട്ടിലേക്ക് വരാന്‍ കഴിയുമോ എന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം ഭൂലോകത്തെ അറിയിച്ചു.
സാധാരണ ബഹിരാകാശത്തെത്തിയാല്‍ ആളുകളുടെ നീളം ചെറിയ തോതില്‍ വര്‍ധിക്കാറുണ്ട്. ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍, മൂന്നാഴ്ചകൊണ്ട് 9 സെ.മീറ്റര്‍ ഒരാള്‍ വളര്‍ന്നെന്ന് പറഞ്ഞത് അദ്ഭുതത്തോടെയാണ് ശാസ്ത്രലോകമടക്കം വീക്ഷിച്ചത്.
എന്നാല്‍, ഒരു ദിവസത്തിനു ശേഷം 41കാരനായ കനായ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. നീളം അളന്നപ്പോള്‍ തെറ്റുപറ്റിയെന്നും വീണ്ടും പരിശോധിച്ചപ്പോള്‍ 2 സെ.മീറ്റര്‍ മാത്രമാണ് വളര്‍ന്നതെന്നുമാണ് പുതിയ അറിയിപ്പ്. ഒപ്പം കനായ് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട് പുതിയ പോസ്റ്റില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല