1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2016

സ്വന്തം ലേഖകന്‍: ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്കു വേണ്ടി മാത്രം തീവണ്ടി ഓടിച്ച് ജപ്പാനീസ് റയില്‍വേ, കണ്ടുപഠിക്കണം ഇന്ത്യന്‍ റയില്‍വേ. ജപ്പാനിലെ ഹൊക്കെയ്‌ഡോയിലൂടെ കടന്നു പോകുന്ന തീവണ്ടിയാണ് കഴിഞ്ഞ നാല് വര്‍ഷമായി കാമിഷിരതാകി റെയില്‍വേ സ്റ്റഷനിലേക്ക് ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വേണ്ടി സര്‍വീസ് നടത്തുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ പരിഷ്‌കരണത്തിന്റെ ഭാഗമായി ജപ്പാന്‍ ചില റെയില്‍വേ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. അതില്‍പ്പെട്ടതാണ് കാമിഷിരതാകി റെയില്‍വേ സ്‌റ്റേഷന്‍. കുഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ആളൊഴിഞ്ഞ റെയില്‍വേ സ്‌റ്റേഷന്‍ ആയതുകൊണ്ടും ട്രെയിന്‍ ഗതാഗതം കാമിഷിരതാകിയില്‍ അവസാനിക്കുന്നതിനാലും റെയില്‍വേ സ്‌റ്റേഷന്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചു.

എന്നാല്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒരു സ്ഥിരം യാത്രക്കാരിയുടെ സാമിപ്യം അധികൃതര്‍ തിരിച്ചറിഞ്ഞു. ഒരു പെണ്‍കുട്ടി, അവള്‍ എല്ലാ ദിവസവും സ്‌കൂളില്‍പോകുന്നതിന് ആശ്രയിക്കുന്നത് ഈ സ്‌റ്റേഷനും അങ്ങോട്ട് സര്‍വീസ് നടത്തുന്ന ഏക ട്രെയിനിലുമാണ്.

നടപടി പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ റെയില്‍വേ സ്‌റ്റേഷന്‍ അടച്ചുപൂട്ടേണ്ടെന്ന് തീരുമാനിച്ചു. നിലവില്‍ പെണ്‍കുട്ടിയെ സ്‌കൂളിലെത്തിക്കാനും തിരികെ വീട്ടിലെത്തിക്കുന്നതിനുമായി ദിവസവും രണ്ട് നേരമാണ് കാമിഷിരാതാകി റെയില്‍വേ സ്‌റ്റേഷനിലേക്ക് ട്രെയിന്‍ സര്‍വീസുള്ളത്. പെണ്‍കുട്ടി ഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്നതുവരെ ട്രെയിന്‍ സര്‍വീസ് തുടരാനാണ് അധികൃതരുടെ തീരുമാനം.

പെണ്‍കുട്ടിയുടെ പഠനം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന. വിദ്യാഭ്യാസത്തിന് ജപ്പാന്‍ നല്‍കുന്ന അതീവ പ്രാധാന്യത്തിനു പുറമേ
ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി മാത്രം ഒരു റെയില്‍വേ സ്‌റ്റേഷനും അങ്ങോട്ട് ഒരു തീവണ്ടിയും കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ നടത്തിപ്പോരുന്നു എന്നത് ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.