സ്വന്തം ലേഖകൻ: 215 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പ്രതിചേര്‍ത്തു. കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ കേസിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും പ്രതിചേര്‍ത്തിരിക്കുന്നത്. നടിക്കെതിരായ കുറ്റപത്രം ഇ.ഡി. സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഗുണഭോക്താവായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. സുകേഷ് ഒരു തട്ടിപ്പുകാരനാണെന്ന് ഇവര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതായും അന്വേഷണസംഘം പറയുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. സംഘം നടിയെ പലതവണ ചോദ്യംചെയ്തിരുന്നു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ്, നടിക്ക് പത്ത് കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെ നടിയുടെ ഏഴ് കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടുകയും ചെയ്തു.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 215 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ നേരത്തെ അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു.
ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ 215 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തല്‍. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്.
കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന 32-ഓളം കേസുകളാണ് സുകേഷിനെതിരേ നിലവിലുള്ളത്. സി.ബി.ഐ, ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളും വിവിധ സംസ്ഥാനങ്ങളിലെ പോലീസും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല