സ്വന്തം ലേഖകന്‍: ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭം രക്തരൂക്ഷിതം, കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുന്നു. ജാട്ട് സമുദായക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സമുദായ നേതാക്കളും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ജാട്ട് വിഭാഗക്കാര്‍ക്ക് ഒ.ബി.സി സംവരണം നല്‍കാനാണ് തീരുമാനം.
സംവരണം സംബന്ധിച്ച ബില്‍ ഹരിയാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. സംവരണ ആവശ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രമന്ത്രി ഉള്‍പ്പെട്ട സമിതിയെ നിയമിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും ജാട്ട് വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച് പ്രത്യേക സമിതി പഠിക്കും.
ജാട്ട് വിഭാഗത്തിന്റെ സംവരണ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങാതെ സമരം പിന്‍വലിക്കില്ലെന്ന് ജാട്ട് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാട്ട് പ്രക്ഷോഭം തുടങ്ങിയത്. സമരം നിയന്ത്രണാതീതമായതോടെ ഇതുവരെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല