സ്വന്തം ലേഖകന്‍: ജവഹര്‍ ലാല്‍ നെഹ്രുവും എഡ്വിന മൗണ്ട് ബാറ്റണും തമ്മിലുണ്ടായിരുന്നത് സാധാരണ സൗഹൃദം മാത്രമെന്ന് എഡ്വിനയുടെ മകളുടെ വെളിപ്പെടുത്തല്‍. നെഹ്‌റുവും എഡ്വിനയും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നല്ലാതെ മറ്റ് ബന്ധങ്ങള്‍ അവര്‍ തമ്മില്‍ ഇല്ലായിരുന്നുവെന്ന് എഡ്വിനയുടെ മകള്‍ പമേല ഹിക്‌സ് വ്യക്തമാക്കി. തനിക്ക് 17 വയസുള്ളപ്പോഴാണ് പിതാവ് മൗണ്ട് ബാറ്റണ്‍ ഇന്ത്യയുടെ വൈസ്രോയിയായി വരുന്നത്. തന്റെ മാതാവ് എഡ്വിനയും നെഹ്‌റുവും തമ്മിലുള്ള ബന്ധം വളരുന്നതിന് താന്‍ സാക്ഷിയാണെന്നും പമേല പറഞ്ഞു.
ഡോട്ടര്‍ ഓഫ് എംപയര്‍; ലൈഫ് ആസ് എ മൗണ്ട് ബാറ്റണ്‍ എന്ന പുസ്തകത്തിലാണ് പമേലയുടെ വെളിപ്പെടുത്തല്‍. 2012ല്‍ ബ്രിട്ടണില്‍ പുറത്തിറക്കിയ പുസ്തകം ഉടന്‍ ഇന്ത്യയില്‍ പുറത്തിറക്കും. ഫ്രഞ്ച് പ്രസാധകരായ അഷെറ്റയാണ് ഇന്ത്യയില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നെഹ്‌റുവിന്റെ സൗഹൃദം, തുല്യ പരിഗണന നല്‍കുന്ന മനോഭാവം എന്നിവയാണ് എഡ്വിനയെ ആകര്‍ഷിച്ചത്. അവരുടെ ബന്ധത്തിന്റെ ആഴം ഇരുവരും തമ്മിലുള്ള കത്തിടപാടിലൂടെ തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പമേല കൂട്ടിച്ചേര്‍ക്കുന്നു. ഇരുവരും മാനസികമായി അടുത്തിരുന്നു. എന്നാല്‍ മറ്റ് ബന്ധങ്ങളില്ലായിരുന്നു.
അവര്‍ക്ക് ഇരുവര്‍ക്കും ഒരിക്കലും തനിച്ച് ഇടപെഴകാന്‍ അവസരം ഉണ്ടായിട്ടില്ല. അവര്‍ക്ക് ചുറ്റും എപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നും തിരിച്ച് പോകുന്നതിന് മുന്‍പ് നെഹ്‌റുവിന് മരതക മോതിരം നല്‍കാന്‍ എഡ്വിന ആഗ്രഹിച്ചിരുന്നു. എന്നാല്‍ നെഹ്‌റു അത് നിരസിച്ചതിനാല്‍ മോതിരം ഇന്ദിരാഗാന്ധിക്ക് നല്‍കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ മാത്രമേ മോതിരം വില്‍ക്കാവൂ എന്ന് എഡ്വിന പറഞ്ഞിരുന്നതായും മകള്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല