1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2012

മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി ആരോപിച്ച് 200 അടി ഉയരമുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി നിലയുറപ്പിച്ച ജവാനെ താഴെയിറക്കി. എഞ്ചിനീയറിംഗ് റജിമെന്റില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി മുത്തുവിനെയാണ് 94 മണിക്കുറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ താഴെയിറക്കിയത്. നാല് ദിവസമായി ഭക്ഷണമോ വെള്ളമോ കഴിക്കാത്തത് മൂലം ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. ഇയാളെ ഡല്‍ഹി കന്റോണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുത്തുവിന്റെ നില തൃപ്തികരമാണെന്ന് മുതിര്‍ന്ന കരസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇയാളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു. പ്രതിരോധമന്ത്രി എ കെ ആന്‍റണിയോടു നേരിട്ടു സംസാരിക്കണമെന്നാവശ്യപ്പെട്ടാണു മുത്തു ടവറിനു മുകളില്‍ കയറിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡല്‍ഹി അജ്മേരി ഗേറ്റിന് സമീപത്തെ മൊബൈല്‍ ടവറില്‍ മുത്തു കയറിയത്. തന്റെ പിതാവ് മരിച്ചപ്പോഴും ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോഴുമൊന്നും ലീവ് അനുവദിച്ചില്ലെന്ന് മുത്തു പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ അഞ്ച് തവണ സ്ഥലം മാറ്റി. സീനിയര്‍ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ഇയാള്‍ പരാതിപ്പെടുന്നു. തന്നെ സര്‍വീസില്‍ നിന്ന് വിട്ടയക്കണം. കഴിഞ്ഞ എട്ട് മാസത്തെ ശമ്പളം തനിക്ക് ലഭ്യമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും സേനയിലെ അനേകം ജവാന്മാര്‍ക്ക് വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നതെന്നും മുത്തു പറയുന്നു.

മുമ്പ് ബാംഗ്ലൂരില്‍ പോസ്റ്റ് ചെയ്ത സമയത്തും മുത്തു ടവറിന് മുകളില്‍ കയറി ഭീഷണി മുഴക്കിയിരുന്നു. അന്ന് ഇയാളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. എന്നാല്‍ തന്നെ മനോരോഗാശുപത്രിയില്‍ അയക്കുകയാണ് ഉണ്ടായതെന്ന് ഇയാള്‍ പരാതിപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.