ഉന്നത സൈനികോദ്യഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ കെ. മുത്തു എന്ന സൈനികന് ദില്ലി അജ്മേരി ഗേറ്റിലെ 200 അടി പൊക്കമുള്ള മൊബൈല്‍ ടവറില്‍ കയറി ഇരുന്നുള്ള സമരം മൂന്നാം ദിവസം പിന്നിട്ടു.
തന്റെ പരാതികള്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി നേരിട്ടെത്തി കേട്ടെങ്കില്‍ മാത്രമേ താഴെയിറങ്ങൂവെന്നാണ് മുത്തു അറിയിച്ചിരിയ്ക്കുന്നത്. എന്‍ജിനിയേഴ്സ് റെജിമെന്റിലെ ജവാനാണ് മുത്തു.മുപ്പത്തിയഞ്ചുകാരനായ മുത്തുവിന്റെ സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും ടവറിന് മുകളില്‍ കയറി അനുനയിപ്പിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. സൈനികര്‍ നല്കിയ പാനീയങ്ങള്‍ മാത്രമാണ് ഇയാള്‍ കഴിയ്ക്കുന്നത്. ഭക്ഷണം കഴിപ്പിയ്ക്കാനുള്ള ശ്രമങ്ങളും ലക്ഷ്യം കണ്ടിട്ടില്ല.
അഞ്ച് കൊല്ലത്തിനുള്ളില്‍ തന്നെ അഞ്ചുതവണ സ്ഥലം മാറ്റിയെന്ന് മുത്തു ആരോപിയ്ക്കുന്നു. എട്ടു മാസമായി ശമ്പളം തടഞ്ഞുവച്ചിരിക്കുന്നു. ഇത് തന്റെ മാത്രം കാര്യമല്ല എന്നും മറ്റ് പല ജവാന്മാര്ക്കും ഇത്തരത്തില്‍ പീഡനം നേരിടേണ്ടിവരുന്നുണ്ടെന്നും മുത്തു പറയുന്നു.
അതേസമയം ഇതിന് മുമ്പ് ബാംഗ്ലൂരില്‍ വച്ചും മുത്തു ഇതേസമരമുറ എടുത്തിട്ടുണ്ടെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. അനുവാദമില്ലാതെ കഴിഞ്ഞ ജൂലൈ ഏഴ് മുതല്‍ ഇയാള്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മുത്തു താഴേക്കിറങ്ങായാല്‍ തയാറായാല്‍ ആവശ്യങ്ങള്‍ പരിഗണിയ്ക്കാന്‍ തയാറാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.\
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല