1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2023

സ്വന്തം ലേഖകൻ: 28 വർഷമായി സൗദിയിൽ പ്രവാസിയായ തൃശൂർ സ്വദേശിക്കാണ് ഇഖാമ പുതുക്കാൻ പോയപ്പോൾ നിയമക്കുരുക്കിൽപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് തൃശൂർ സ്വദേശി ജോഷി കുമാർ. എല്ലാ പ്രവാസികളും ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. മനോരമയാണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്.

ആവശ്യമായ വിവരങ്ങൾ നൽകി കമ്പനി ഓൺലൈനിൽ ഇഖാമ പുതുക്കാനുള്ള അപേക്ഷ നൽകി. എന്നാൽ ജവാസത്ത് സിസ്റ്റം ഇത് തിരസ്കരിച്ചു. അപേക്ഷകന്‍റെ പേരിൽ പൊലീസ് കേസ് ഉണ്ടെന്നും ഉടൻ തന്നെ പോലീസിൽ ബന്ധപ്പെടണം എന്നുമായിരുന്നു നിർദേശം ലഭിച്ചത്. ഇഖാമ പുതുക്കാൻ അനുവദിക്കില്ലെന്ന് വിവരവും ലഭിച്ചു.

ഇഖാമ പുതുക്കാൻ സമയമായപ്പോൾ കഴിഞ്ഞ വർഷം ഒരു കോൾ വന്നു. തൊഴിൽ വകുപ്പിൽ(MOI) നിന്നാണ് എന്ന് പറഞ്ഞായിരുന്നു കോൾ. ഇഖാമ പുതുക്കുന്നതിനായി ഫോണിലേക്ക് വന്ന ഒടിപി പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു. ഇഖാമ പുതുക്കാൻ സമയം ആയതിനാൽ ജോഷി ഇത് സത്യമായിരിക്കും എന്ന് കരുതി ഒടിപി പറഞ്ഞു കൊടുത്തു. തട്ടിപ്പ് തോന്നിക്കാത്ത വിധത്തിൽ ഇഖാമ നമ്പരും വിലാസവും കമ്പനി പേരും ഫോൺ നമ്പരുമൊക്കെ മറുഭാഗത്ത് നിന്നും വ്യക്തമായി ചോദിച്ചു.

പിന്നീട് ഇഖാമ പുതുക്കുന്നതിനായി ഫോൺ വന്നതായി അയാൾ കമ്പനി ഓഫീസിൽ അറിയിച്ചു. അപ്പോഴാണ് ഇങ്ങനെ ഒരു കോൾ ആർക്കും പോയിട്ടില്ലെന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ തൊട്ടടുത്തുള്ള വിരലടയാളം പതിക്കുന്ന ജവാസത്ത് കിയോസ്കിൽ എത്തി അബ്ഷർ അക്കൗണ്ട് വീണ്ടെടുത്തുവെങ്കിലും സംഘം ആവശ്യമുള്ള വിവരങ്ങൾ എല്ലാം കെെവശപ്പെടുത്തിയിരുന്നു.

തട്ടിപ്പ് സംഘം മൂന്നോളം ബാങ്കുകൾ വഴി മണി എക്സ്ചേഞ്ച് അക്കൗണ്ട് തുറന്ന് അതിലൂടെ പണം കൈമാറ്റം നടത്തിയിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ പേരിൽ പുതിയ സിം കാർഡ് വരെ തട്ടിപ്പ് സം​ഘം എടുത്തിരുന്നു. ജോഷി 27 വർഷമായി പ്രവാസിയാണ്. തന്റെ പേരിൽ കേസ് ഒന്നും ഉള്ളതായി വലിയ അറിവില്ല.

തുടർന്ന് കമ്പനിയുടെ ഗവൺമെൻറ് റിലേഷൻ ജീവനക്കാരനായ സൗദി പൗരനെയും കൂട്ടി അടുത്തുള്ള അൽകോബാർ പൊലീസ് സ്റ്റേഷനിൽ എത്തി. അവിടെ നിന്നാണ് അറിഞ്ഞത് റിയാദിലാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസുള്ളത്. സാമ്പത്തിക ക്രമക്കേടാണ് ഇദ്ദേഹത്തിന്റേ പേരിലുള്ള കേസെന്നും സംഗതി ഗുരുതരമാണെന്നും ഉടൻ തന്നെ റിയാദ് പോലീസിനെ സമീപിക്കണം എന്ന വിവരവും ലഭിച്ചു.

റിയാദിലെ പൊലീസ് സ്റ്റേഷനിൽ ജിആർഒക്കൊപ്പം ജോശഷി ഹാജറായി. ഓൺലൈൻ തട്ടിപ്പിന്‍റെ കെണിയിൽ താൻ പെട്ടിരുന്ന വിഷയം അപ്പോഴാണ് ജോഷി ഓർത്തത്. ഇദ്ദേഹത്തിന്റേ പേരിലുള്ള മൂന്നോളം ബാങ്കുകളിലെ അക്കൗണ്ടിലൂടെ സൗദിയിൽ നിന്നും പരിധിയിൽ കൂടുതൽ പണം അയച്ചതായി കാണുന്നു. കുറഞ്ഞ ശമ്പളക്കാരനായ ജോഷികുമാറിന്‍റെ പേരിലുള്ള അക്കൗണ്ടിലൂടെ 32,000 ലേറെ റിയാൽ അയച്ചതായാണ് കാണുന്നത്. വരുമാനത്തിൽ കൂടുതൽ തുക എങ്ങനെ ഇദ്ദേഹം അയച്ചത് എന്നതിനാലാണ് ബാങ്ക് പോലീസിൽ വിവരം അറിയിച്ചത്.

അന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. അതിൽ ജോഷിയുടെ നിരപരാധിത്വം തെളിയിക്കാൻ സാധിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ജോഷി കെണിയിൽപെട്ടതാണെന്ന് ബോധ്യമായി. തട്ടിപ്പ് സംഘം ഇദ്ദേഹത്തിന്റെ പേരിൽ എടുത്ത സിം കാർഡ് പോലീസ് ഇടപ്പെട്ട് റദ്ദാക്കി. അന്വേഷണ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ കേസിൽ നിന്നും ഒഴിവാക്കി.

ഇത്തരം വ്യാജ ഫോണുകൾ വരുമ്പോൾ തിരിച്ചറിയണമെന്നും ഓടിപിയടക്കമുള്ള വിവരങ്ങൾ ഗവൺമെന്‍റ് ഏജൻസികൾ ആവശ്യപ്പെടില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രാവാസികളും സ്വദേശികളും ജാ​ഗ്രത പാലിക്കണം. റിയാദിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെട്ടതൊടെ രക്ഷപ്പെട്ടു.

ജോഷികുമാറിന്റെ ഇഖാമ പുതുക്കുന്നതിനായി തട്ടസ്സങ്ങൾ മാറി അദ്ദേഹം ഇഖാമ പുതുക്കി. ഓൺലൈൻ മാഫിയയുടെ തട്ടിപ്പിൽ ഇരയാകേണ്ടി വന്ന പല മലയാളികളുടേയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യത്തിൽ ജാ​ഗ്രത പാലിക്കണം. നിർദ്ദേശങ്ങൾ പാലിക്കണം. ഫോണിൽ വിളിക്കുന്നവർക്ക് ഒടിപി കെെമാറരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.