സ്വന്തം ലേഖകന്‍: പ്രെസ്റ്റണില്‍ നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി. കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയയ്ക്ക് യാത്രാമൊഴി നല്‍കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ എത്തിയിരുന്നു. പ്രെസ്റ്റണിലെ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രലില്‍ വൈദികര്‍ പ്രാര്‍ത്ഥനയോടെ മൃതദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് രൂപതാ സെമിനാരി റെക്ടര്‍ റവ. ഫാ. വര്‍ഗീസ് പുത്തന്‍പുരക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യു മുളയോലില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചാന്‍സിലര്‍ റവ. ഫാ. മാത്യു പിണക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഒരു ഉത്തമ ക്രൈസ്തവ കുടുംബനാഥയായിരുന്ന ജയ കര്‍ത്താവിന്റെ പുനരുദ്ധാനത്തോട്ടത്തിലേയ്ക്ക് ആത്മീയമായി ഒരുങ്ങിയാണ് യാത്രയായതെന്ന് ഫാ. മാത്യൂ പിണക്കാട്ട് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
ശുശ്രൂഷകള്‍ക്ക് ശേഷമുള്ള അനുസ്മരണത്തില്‍ ജയയുടെ മകള്‍ നിമിഷ അമ്മ തന്റെ റോള്‍ മോഡല്‍ ആയിരുന്ന കാര്യം പങ്കുവെച്ചു. താന്‍ ചെയ്യുന്ന ഏത് ജോലിയും തികഞ്ഞ ഉത്തരവാദിത്വത്തോടെയും, ആത്മാര്‍ത്ഥതയോടെയും ചെയ്യുന്ന അമ്മ തങ്ങളെയും വളരെ ഉത്തരവാദിത്ത ബോധത്തോടെയാണ് വളര്‍ത്തിയതെന്നും നിമിഷ പറഞ്ഞു. തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെയ്ച്ചു. ബന്ധുക്കളും , സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി എത്തിയിരുന്നു.
മൂന്നു വര്‍ഷമായി ക്യാന്‍സറിന്റെ പിടിയിലായിരുന്ന ജയയുടെ നില അടുത്തിടെ വഷളായിരുന്നു. തുടര്‍ന്ന് സെന്റ്. കാതറിന്‍ ഹോസ് പൈസിന്റെ പ്രതേക പരിചരണത്തിലായിരുന്നു ജയ. ഇടുക്കി ജില്ലയില്‍ തൊടുപുഴക്കടുത്തു അറക്കുളത്ത് കുപ്പോടയ്ക്കല്‍ കുടുംബാംഗമായ നോബി ജോസഫിന്റെ ഭാര്യയാണ് ഈരാറ്റുപേട്ടക്കടുത്തുള്ള കളത്തുക്കടവ് വലിയ മംഗലം കുടുംബാംഗമായ ജയ. 2003 ലാണ് ജയയും കുടുംബവും യുകെയിലെത്തിയത്. പ്രസ്റ്റണിലെ റോയല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. നിമിഷ നോബി, നോയല്‍ നോബി എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല