സ്വന്തം ലേഖകന്‍: ജയലളിതയുടെ ചികിത്സാ രേഖകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്ത് വിട്ടു, ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇതോടെ അന്ത്യമാകുമെന്ന് സര്‍ക്കാര്‍. സാധ്യമായ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയതെന്ന് രേഖകള്‍ പുറത്ത് വിട്ടുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വയം സംസാരിക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു വിവരവും മറച്ചു വച്ചിട്ടില്ല. ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടതോടെയാണ് ഒ പനീര്‍ശെല്‍വം എം എസ് ശശികല, ചീഫ് സെക്രട്ടറി തുടങ്ങിയവരെ വിവരം അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലളിത മരിച്ചത് ഡിസംബര്‍ അഞ്ചിന് രാത്രി 11. 30 നാണെന്നും
മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. ജയലളിതയുടെ ചികിത്സയില്‍ ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.
19 പേജുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ജയലളിതക്ക് ഹൃദയാഘാതവും പ്രമേഹവും ഉണ്ടായിരുന്നതായി പറയുന്നു. ദീര്‍ഘകാലത്തേക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യമായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ജയലളിതയ്ക്ക് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നല്‍കിയ ചികിത്സയുടെ വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം എയിംസിലെ ഡോക്ടര്‍മാര്‍ നല്‍കിയ ചികിത്സയുടെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
2016 സപ്തംബര്‍ 22ന് രാത്രി പത്തിനാണ് ജയലളിതയെ അപ്പോളൊ ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചത്. ആംബുലന്‍സ് എത്തിയപ്പോഴേക്കും ശ്വാസതടസ്സംകാരണം ജയലളിത പാടുപെടുകയായിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം, ശ്വാസതടസ്സം, ഹൈപ്പോതൈറോയിഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ജയലളിതയ്ക്കുണ്ടായിരുന്നു. എന്നാല്‍, മാനസികസംഘര്‍ഷംകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. പ്രമേഹത്തിനും അതിരക്തസമ്മര്‍ദത്തിനുമുള്ള മരുന്നുകള്‍കൂടാതെ ചര്‍മരോഗത്തിനുള്ള മരുന്നും അവര്‍ക്ക് നല്‍കി. ആസ്?പത്രിയില്‍ അവര്‍ ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ‘ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റി’ല്‍നിന്ന് ‘ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റി’ലേക്കു മാറ്റി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടു.
ഡിസംബര്‍ നാലിന് വൈകിട്ട് മുഖ്യമന്ത്രിക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് അപ്പോളൊയിലെയും ‘എയിംസി’ലെയും വിദ്ഗ്ധ ഡോക്ടര്‍മാര്‍ അവരുടെ ആരോഗ്യനില വിലയിരുത്തി പരമാവധി മെച്ചപ്പെട്ട ചികിത്സ തുടര്‍ന്നു. ഹൃദയം നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫലിക്കുന്ന സ്ഥിതിയിലുമല്ലായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, ലോക്‌സഭാ ഡെപ്യൂട്ടി സ്?പീക്കര്‍ എം. തമ്പിദുരൈ, വി.കെ. ശശികല എന്നിവരെ വിവരമറിയിച്ചു. കൂടാതെ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പു സെക്രട്ടറി എന്നിവര്‍ക്കും വിവരം കൈമാറി.
ജയലളിതയുടെ മരണത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് ചികിത്സാ രേഖകള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നല്‍കിയ ചികിത്സയില്‍ സംശയമുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ആരോപിച്ചിരുന്നു. ജയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നും പനീര്‍സെല്‍വം ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല