സ്വന്തം ലേഖകന്‍: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതക്ക് എതിരെയുള്ള ബെംഗളൂരു പ്രത്യേക കോടതിയുടെ ശിക്ഷയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ഏഴുകോടി 32 ലക്ഷം രൂപ സഹായമായി നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 244 പേരാണ് ഇക്കഴിഞ്ഞ ഏഴു മാസങ്ങളില്‍ സ്വയം ജീവനൊടുക്കിയത്. നാലു പേര്‍ക്ക് ചികിത്സാസഹായമായി 2 ലക്ഷം രൂപയും പാര്‍ട്ടി നല്‍കി.
മൊത്തം 7.34 കോടി രൂപയാണ് പാര്‍ട്ടി ഇതുമായി ബന്ധപ്പെട്ട് വിതരണം ചെയ്തത്. തന്നെ ശിക്ഷിച്ചതിന്റെ പേരില്‍ ആരും കടുംകൈ ചെയ്യരുതെന്ന് ജയലളിത അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ജയലളിതയെ ശിക്ഷിച്ചതില്‍ മനംനൊന്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ആത്മഹത്യചെയ്തവര്‍ കുറച്ചുകൂടി ക്ഷമിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആഹ്ലാദത്തില്‍ പങ്കുചേരാമായിരുന്നെന്ന് കര്‍ണാടക ഹൈക്കോടതി വെറുതെ വിട്ട ശേഷം നടത്തിയ പ്രതികരണത്തില്‍ ജയലളിത പറഞ്ഞിരുന്നു. വിധിക്കുശേഷം നടത്തിയ ഈ പ്രതികരണത്തില്‍ ജയലളിത ആത്മഹത്യ ചെയ്തവരെ പ്രത്യേകം സ്മരിച്ചിരുന്നു. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷവും ചികിത്സയ്ക്ക് 50,000 രൂപയുമാണ് പാര്‍ട്ടി നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല