സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം നീളുന്നു, സംസ്ഥാനത്ത് ഭരണ പ്രതിസന്ധി. ഇതോടെ തമിഴ്‌നാട്ടില്‍ നേതൃമാറ്റത്തിന് സാധ്യത തെളിയുകയാണ്. രണ്ട് ആഴ്ചകള്‍ക്കു ശേഷവും ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് ഈ നീക്കം.
ധനമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. ഇ.പഴനിസ്വാമിയോ പനീര്‍ശെല്‍വമോ മുഖ്യമന്ത്രിയാകും എന്നാണു സൂചന. പനീര്‍ശെല്‍വം നേരത്തെ രണ്ടു തവണ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയായിരുന്നു.
അണുബാധയും കടുത്തപനിയും ശ്വാസതടസവും മൂലം ജയലളിത കഴിഞ്ഞ രണ്ട് ആഴ്ചകളായി അപ്പോളൊ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനം ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞ സാഹചര്യത്തിലാണു നേതൃമാറ്റം എന്ന ആശയവുമായി പാര്‍ട്ടി നീങ്ങുന്നത്. എന്നാല്‍ ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു.
ജയലളിതയുടെ ആശുപത്രിവാസം സംസ്ഥാനത്തെ ഭരണനിര്‍വഹണത്തെ തന്നെ ബാധിച്ചു എന്നും ഇതേ തുടര്‍ന്ന് രാമനാഥപുരം, തുരുനല്‍വേലി, മധുര, കന്യാകുമാരി എന്നിവിടങ്ങിളിലെ ഇസ്ലാമിക്ക് സ്‌റ്റേ്‌റിന്റെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തനം ശക്തമാക്കി എന്നും സ്വാമി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
അതേസമയം ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജയലളിത എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കണമെന്നാണ് ആഗ്രഹമെന്നും രാഹുല്‍ പറഞ്ഞു.
ഒരു മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച രാഹുലിന് ജയലളിതയെ അടുത്ത് നിന്ന് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഐ.സി.യുവിന് പുറത്ത് നിന്ന് കണ്ടതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല