സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതോടെ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രികസേരയിലേക്ക്. നാളെ രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ. ഇന്ന് രാവിലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ തങ്ങളുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
മദ്രാസ് സര്‍വകലാശാലയിലെ സെന്റിനറി ഓഡിറ്റോറിയത്തിലായിരിക്കും ചടങ്ങ്. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരില്‍ പ്രമുഖരാരെങ്കിലും പങ്കെടുക്കുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രിയാകുന്നതിനു മുന്നോടിയായി എംജിആര്‍, പെരിയാര്‍ പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തും.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതോടെ ജയലളിത മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ജയലളിതയെ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തയാക്കിയത്.
കേസില്‍, ജയലളിതയ്ക്ക് നാലു വര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് ജയയെ കുറ്റവിമുക്തയാക്കിയത്. ജയക്കൊപ്പം തോഴി ശശികല, ഇവരുടെ സഹോദരീ പുത്രന്‍ വി.എന്‍.സുധാകരന്‍, സഹോദര ഭാര്യ ജെ. ഇളവരശി എന്നിവര്‍ക്കെതിരെ വിചാരണക്കോടതി ശരിവച്ച എല്ലാ കുറ്റങ്ങളും ഹൈക്കോടതി പ്രത്യേക ബെഞ്ച് റദ്ദാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല