സ്വന്തം ലേഖകന്‍: ജയലളിതയെ തമിഴ്‌നാടിന്റെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിച്ച് ലോക മാധ്യമങ്ങള്‍. മിക്ക ലോക മാധ്യമങ്ങളിലും പ്രാധാന്യത്തോടെ തന്നെ ജയയുടെ മരണം വാര്‍ത്തയായി. മരണം ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ നികത്താനാവാത്ത വിടവാണുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ 25 വര്‍ഷത്തോളം ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ ജയ വഹിച്ച പങ്കും തമിഴ്‌നാട് ജനതക്ക് അവര്‍ നല്‍കിയ സേവനങ്ങളും വിശദമായി വിവരിക്കുന്നു.
ഉയര്‍ന്ന സാക്ഷരത നിരക്കും കുറഞ്ഞ ശിശുമരണ നിരക്കുമുള്ള ഒരു സംസ്ഥാനത്തെയാണ് അവര്‍ നയിച്ചതെന്നും സാധാരണക്കാര്‍ക്കായി സ്വന്തം പേരില്‍ പദ്ധതികള്‍ തുടങ്ങിയെന്നും ലേഖനത്തില്‍ പറയുന്നു. അമ്മ കാന്റീന്‍ എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണവും അമ്മ ഫാര്‍മസി എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ മരുന്നുകളും നല്‍കിയെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ഗാര്‍ഡിയന്‍ പത്രം ജയലളിതയെ വിശേഷിപ്പിച്ചത് തമിഴ്‌നാടിന്റെ ഉരുക്കുവനിതയെന്നാണ്. ജയയുടെ ജീവചരിത്രകാരിയായ വാസന്തി സുന്ദരത്തെ ഉദ്ധരിച്ചുകൊണ്ട് ഏറ്റവും ഊര്‍ജസ്വലതയും ഇച്ഛാശക്തിയുമുള്ള രാഷ്ട്രീയക്കാരിയാണ് ജയയെന്ന് ഗാര്‍ഡിയന്‍ ലേഖനം വിവരിക്കുന്നു. തന്റെ ചുവടുകളില്‍ വിലങ്ങുതടിയായ പുരുഷമേധാവിത്വം നിറഞ്ഞ രാഷ്ട്രീയനീക്കങ്ങളെ അവര്‍ വെല്ലുവിളിച്ചുവെന്നും വാസന്തി സുന്ദരം പറയുന്നു.
ഇന്ത്യന്‍ രാഷ്ട്രീയചക്രത്തിലെ നടപ്പുരീതികളെ വെല്ലുവിളിക്കാന്‍ ജയക്കായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് മരണവാര്‍ത്തയില്‍ പറയുന്നു. തമിഴ്‌നാട്ടിലെ സാധാരണക്കാര്‍ക്കായി ജയ ചെയ്ത സേവനങ്ങള്‍ ലേഖനത്തില്‍ എടുത്തുപറയുന്നു. ആണ്‍കോയ്മയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍നിരയിലേക്കുയര്‍ന്നുവരാനും സാധാരണക്കാരെ പിടിച്ചുയര്‍ത്തി സംസ്ഥാനത്തെ ഉന്നതിയിലേക്ക് നയിക്കാനും അവര്‍ക്കായെന്നും വാഷിങ്ടണ്‍ പോസ്റ്റ് എഴുതി.
പാകിസ്താന്‍ ദേശീയപത്രമായ ഡോണ്‍ അന്താരാഷ്ട്രീയ വിഭാഗത്തിലാണ് ജയയുടെ വിയോഗവാര്‍ത്ത ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയില്‍നിന്നുള്ള വാര്‍ത്തയെയാണ് ഡോണ്‍ ആശ്രയിച്ചത്. ദ സണ്‍ (മലേഷ്യ), ഡെയ്‌ലി ന്യൂസ് (ശ്രീലങ്ക), ദ സ്‌ട്രെയ്റ്റ്‌സ് ടൈംസ് (സിംഗപ്പൂര്‍) എന്നിവയും വെബ്‌സൈറ്റുകളില്‍ ലോക വാര്‍ത്തകള്‍ക്കിടയില്‍ ജയയുടെ മരണ വാര്‍ത്ത പങ്കുവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല