സ്വന്തം ലേഖകന്‍: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായത് ഒരാള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന്, മരണം സംഭവിച്ചത് ഡിസംബര്‍ 4 ന്, വെളിപ്പെടുത്തലുകളുമായി മുന്‍ സ്പീക്കര്‍. എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ സ്പീക്കറുമായ പി.എച്ച് പാണ്ഡ്യനാണ് സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പോയസ് ഗാര്‍ഡനിലെ വസിയില്‍ ജയയെ ആരോ തള്ളിയിട്ടുവെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. ഒ. പനീര്‍ശെല്‍വത്തിന്റെ വസതിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാണ്ഡ്യന്.
അമ്മയെ ആരോ തള്ളിയിട്ടു. അതിന് ശേഷം അമ്മയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഒരു പോലീസുദ്യോഗസ്ഥന് വിളിച്ചു വരുത്തിയ ആംബുലന്‍സിലാണ് അമ്മയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പാണ്ഡ്യന് പറഞ്ഞു. ജയയെ പ്രവേശിപ്പിച്ച ശേഷം അപ്പോളോയിലെ 27 സി.സി.ടി.വി ക്യാമറകള്‍ എടുത്തു മാറ്റി. ഈ നടപടി എന്തുകൊണ്ടാണെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കണം. ജയലളിത ഡിസംബര്‍ നാലിനാണ് മരിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം മറച്ചുവെന്നും ഡിസംബര്‍ അഞ്ചിനാണ് മരണവിവരം പുറത്ത് വിട്ടതെന്നും പാണ്ഡ്യന് പറഞ്ഞു.
ജയയുടെ ഏത് ബന്ധു അനുവദിച്ചിട്ടാണ് അവരുടെ ചികിത്സ നിര്‍ത്തിയതെന്നും പാണ്ഡ്യന് ചോദിച്ചു. എവിടെ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് വിവരങ്ങളറിയാന്‍ സ്രോതസുണ്ടെന്നും താന്‍ സ്വന്തം നിലയ്ക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പാണ്ഡ്യന് പറഞ്ഞു.അമ്മയ്ക്ക് നല്കിയ ചികിത്സ സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ട്. എസ്.പി.ജി സുരക്ഷയുള്ള അമ്മയ്ക്ക് ഭക്ഷണം പരിശോധിച്ച ശേഷമാണോ നല്‍കിയിരുന്നത്. എന്തുകൊണ്ടാണ് എസ്.പി.ജിക്കാരെ ആശുപത്രിയില്‍ അനുവദിക്കാതിരുന്നത്. അപ്പോളോയില്‍ ആവശ്യത്തിന് ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് സിംഗപ്പൂരില്‍ നിന്നും ഫിസിയോ തെറാപ്പിസ്റ്റുകളെ കൊണ്ടു വന്നതെന്നും പാണ്ഡ്യന് ചോദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല