പഴയകാല സിനിമാനടി വിജയശ്രീയുടെ ജീവിത കഥ എന്ന വിശേഷണവുമായി പുറത്തിറങ്ങിയ ജയരാജിന്റെ നായിക പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. വിജയശ്രീയുടെ മരണം സംബന്ധിച്ച് കാര്യത്തിലാണ് നായിക വിവാദമായിരിക്കുന്നത്. പൊന്നാപുരം കോട്ട എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വസ്ത്രം മാറുന്നത് ക്യാമറാമാന് പകര്‍ത്തിയതിലുള്ള മനോവിഷമം മൂലം വിജയശ്രീ ആത്മഹത്യ ചെയ്തെന്നായിരുന്നു ഇതുവരെയുള്ള ധാരണ.
എന്നാല്‍ നായിക പറയുന്നത് വ്യത്യസ്തമായ കഥയാണ്. ഒപ്പം നടിയുടെ മരണം കൊലപാതകമാണെന്ന സൂചനയും. കഥയിലെ നായികയായ വാണി അറിയാതെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ വച്ച് സിനിമയുടെ നിര്‍മാതാവ് സ്റ്റീഫന്‍ അവരെ ബ്ളാക്ക് മെയില്‍ ചെയ്യുന്നു. ദൃശ്യങ്ങള്‍ പുറത്താക്കില്ലെന്ന ഉറപ്പില്‍ വാണിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട നിര്‍മാതാവ് പിന്നീട് ദൃശ്യങ്ങള്‍ സിനിമയില്‍ ചേര്‍ക്കുന്നു. ഇതേത്തുടര്‍ന്ന് സ്റ്റീഫനെതിരെ നീങ്ങുകയാണ് വാണി. അങ്ങനെ ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലാകുന്നു. ഒടുവില്‍ മേക്കപ്പ്മാന്റെ സഹായത്തോടെ ലിപ്സ്റ്റിക്കില്‍ സയനൈഡ് പുരട്ടി വാണിയെ നിര്‍മാതാവ് കൊലപ്പെടുത്തുന്നതായാണ് സിനിമയില്‍ കാണിക്കുന്നത്.
പൊന്നാപുരം കോട്ട നിര്‍മ്മിച്ചത് ഉദയായുടെ ബാനറില്‍ കുഞ്ചാക്കോയാണെന്നതാണ് വിവാദത്തിന് കാരണമായി മാറുന്നത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമയായ സ്റ്റീഫനെ മലയാളത്തിലെ മൂന്ന് പ്രമുഖ നിര്‍മാതാക്കളുമായി സാമ്യം വരുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പി.സുബ്രഹ്മണ്യത്തിന്റെ മെരിലാന്ഡിനോടു സാമ്യമുള്ള ഗ്രീന്‍ലാന്‍ഡ് എന്ന പേരാണ് നിര്മാണക്കമ്പനിക്കെങ്കില് മറ്റു കാര്യങ്ങളില്‍ കുഞ്ചാക്കോ, നവോദയ അപ്പച്ചന് എന്നിവരോട് ഉപമിക്കുന്ന രീതിയിലാണ് സ്റ്റീഫന്റെ കഥാപാത്രം വികസിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ വില്ലനായ നിര്‍മാതാവിന് എ സി ഡാനിയേല്‍(ജെ സി ഡാനിയല്‍) പുരസ്കാരം ലഭിക്കാനൊരുങ്ങുന്ന സമയത്ത് കൊലപാതക കഥ ചുരുളഴിയുന്ന വിധത്തിലാണ് കഥാഗതി.
സത്യന്റെ മരണത്തിനിടയാക്കിയ രക്താര്‍ബുദം, നസീര്‍ – ഷീല ബന്ധം തുടങ്ങിയ പലതും ഈ സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. നായകനായ ജയറാമാകട്ടെ പ്രേംനസീറിനെ അനുകരിക്കുകയാണ് ചിത്രത്തിലുടനീളം ചെയ്യുന്നത്. വില്ലനായി അവതരിപ്പിക്കുന്ന നിര്‍മ്മാതാവിന്റെ പിന്മുറക്കാര് ഇക്കാലത്ത് സിനിമയില്‍ സജീവമായതിനാല്‍ നായിക വരുംദിവസങ്ങളില്‍ മലയാള സിനിമാലോകത്ത് കോളിളക്കമുണ്ടാക്കുമെന്നാണ് സൂചന. അടുത്തിട പുറത്തിറങ്ങിയ വീരപുത്രന് എന്ന സിനിമയില്‍ സ്വാതന്ത്ര്യ സമര സേനാനിയായ അബ്ദുള്‍ റഹ്മാന് സാഹിബിന്റെ സ്വാഭാവിക മരണം കൊലപാതകമായി ചിത്രീകരിച്ചുവെന്ന് പറഞ്ഞ് വന്‍ വിവാദമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല