1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2022

സ്വന്തം ലേഖകൻ: ഫ്രഞ്ച് നവതരം​ഗ സിനിമയുടെ ആചാര്യന്മാരിലൊരാളാണ് ​കഴിഞ്ഞ ദിവസം അന്തരിച്ച ​ഗൊദാർദ്. അദ്ദേഹത്തിന്റെ ആദ്യചിത്രമായ ‘ബ്രെത്ലെസി’ൽ ലോകപ്രശസ്തമായ ഒരു സംഭാഷണമുണ്ട്. പട്രീഷ്യ നായകനായ പാർവുലെസ്കോയോട് ചോദിക്കുകയാണ്. “എന്താണ് നിങ്ങളുടെ ഏറ്റവും വലിയ ആ​ഗ്രഹം?” ഇതിനുള്ള നായകന്റെ മറുപടി ഇങ്ങനെ. “അനശ്വരനാവണം, പിന്നെ മരിക്കണം.” സത്യത്തിൽ ഈ സംഭാഷണം ജീവിതത്തിൽ അതേപടി പകർത്തുകയായിരുന്നു ​ഗൊദാർദ്.

​ഗൊ​ദാർദിന്റെ മരണം വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയാണെന്ന് അദ്ദേഹത്തിന്റെ ദീർഘകാല നിയമോപദേശകൻ പാട്രിക്ജെ ന്നെറെറ്റ് സ്ഥിരീകരിക്കുമ്പോൾ തന്റെ ആദ്യസിനിമയിലെ കഥാപാത്രത്തിന്റെ ആ​ഗ്രഹം വിഖ്യാതസംവിധായകൻ നിറവേറ്റുകയായിരുന്നു. യുത്തനേസ്യ എന്നാണ് ഇത്തരം മരണങ്ങൾ അറിയപ്പെടുന്നത്. മെഡിക്കൽ റിപ്പോർട്ടനുസരിച്ച് ഒന്നിലധികം അസുഖങ്ങൾ ബാധിച്ചതിനാൽ സ്വമേധയാ മരണം വരിക്കുന്നതിന് ഗൊദാർഡ് സ്വിറ്റ്സർലൻഡിൽ നിയമസഹായം തേടിയിരുന്നുവെന്ന് പാട്രിക് ജെന്നെറെറ്റ് പറഞ്ഞു.

പാസ്സീവ് യുത്തനേസിയ, അസിസ്റ്റഡ് സൂയിസൈഡ് എന്നിങ്ങനെ സ്വയംമരണം വരിക്കാനുള്ള വിവിധ തരം മാർ​ഗങ്ങൾ സ്വിറ്റ്സർലണ്ടിലുണ്ട്. ഇതിൽ രണ്ടാമത്തേതാണ് ​ഗൊദാർദ് തിരഞ്ഞെടുത്തത്. ഇത് പ്രത്യേകമായി നിയന്ത്രിക്കപ്പെടാത്തതും എന്നാൽ ചില വ്യവസ്ഥകൾക്കനുസൃതമായി അംഗീകരിക്കപ്പെട്ടതുമാണ്. കൂടാതെ രാജ്യത്ത് ഏറ്റവും അറിയപ്പെടുന്ന സമ്പ്രദായവുമാണ്. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്ന് സംഘടനകൾ ഈ സമ്പ്രദായത്തിന് സഹായവും നൽകുന്നുണ്ട്.

ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കനുസരിച്ച് സ്വിറ്റ്‌സർലൻഡിൽ സമീപ വർഷങ്ങളിൽ സഹായത്തോടുകൂടിയ ആത്മഹത്യകൾ കൂടിവരികയാണ്. 2003-ൽ 187 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2015-ൽ ഇത് 965 ആയി വർദ്ധിച്ചു. 2016-ൽ നേരിയ കുറവിന് ശേഷം, സ്ഥിതി വീണ്ടും ഉയരാൻ തുടങ്ങി.

അതേസമയം, ​ഗൊദാർദിന്റെ മരണാനന്തര ചടങ്ങുകൾ തികച്ചും സ്വകാര്യമായാണ് നടക്കുകയെന്ന് കുടുംബാം​ഗങ്ങളെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വിസ് ​ഗ്രാമമായ റോളിലായിരുന്നു 91-കാരനായ ​ഗൊദാർദിന്റെ അന്ത്യം. ഈ സമയത്ത് ഭാര്യ മേരി മെയ്‌വിൽ സമീപത്തുണ്ടായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അടക്കം നിരവധി പേരാണ് ​ഗൊദാർദിന് ആദരഞ്ജലികളർപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.