സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ ഓൺഅറൈവൽ ടൂറിസ്റ്റ് വീസ ലോഞ്ച് പ്രവർത്തനമാരംഭിച്ചു. ജിദ്ദ എയർപോർട്ട്‌സ് കമ്പനിയും പാസ്‌പോർട്ട് ഡയരക്ടറേറ്റും സഹകരിച്ചാണ് ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ 63 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി ഇ-വീസയും ഓൺ അറൈവൽ വീസയും അനുവദിക്കുന്നുണ്ട്.
ലാകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സൗദിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഓൺ അറൈവൽ ടൂറിസ്റ്റ് വീസ ലോഞ്ച് പ്രവർത്തനമാരംഭിച്ചത്. പുതിയ ലോഞ്ചിൽ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന കൗണ്ടറുകളുടെ എണ്ണവും ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. ഇത് വിനോദ സഞ്ചാരികളുടെ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാനെടുക്കുന്ന സമയം കുറക്കാനും, അനുഭവം മെച്ചപ്പെടുത്താനും സഹായകരമാകും.
സൗദി ജവാസാത്ത് മേധാവി സുലൈമാൻ അൽയഹ്യ, ജിദ്ദ എയർപോർട്ട്സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ റാഇദ് അൽമുദൈഹിം, സി.ഇ.ഒ എൻജിനീയർ അയ്മൻ അബൂഅബാ എന്നിവർ ചേർന്നാണ് ഓൺഅറൈവൽ വീസ ലോഞ്ച് ഉദ്ഘാടനം ചെയ്തത്. ഈ വർഷം അവസാനത്തോടെ 10 കോടി വിനോദ സഞ്ചാരികൾ സൗദിയിലെത്തുമെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ പ്രതീക്ഷ.
2030 ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെയാണ് സൗദി ലക്ഷ്യം വെക്കുന്നത്. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് തിരിച്ച് പോകുന്നത് വരെ ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ സജ്ജമാണെന്ന് ജവാസാത്ത് മേധാവി സുലൈമാൻ അൽയഹ്യ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല