സ്വന്തം ലേഖകൻ: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ ജംബോ വിമാനവുമായി എയര്‍ ഇന്ത്യ കരിപ്പൂരിലേക്ക്. ആദ്യ വലിയ വിമാനം നാളെ രാവിലെ കരിപ്പൂരില്‍ നിലംതൊടും. സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്നുള്ള ബോയിങ് 747-400 വിമാനമാണു കരിപ്പൂരിലെത്തുക. സൗദി സമയം ഇന്നു രാത്രി 11.15നു ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം നാളെ രാവിലെ 7.05നാണു കരിപ്പൂരിലെത്തുക. ഇതേ വിമാനം വൈകിട്ട് 5.30നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് രാത്രി 9.15നു ജിദ്ദയിലെത്തും.
രണ്ടാമത്തെ സര്‍വീസ് വെള്ളിയാഴ്ചയാണ്. രാത്രി 11.15നു ജിദ്ദയില്‍നിന്നു പുറപ്പെട്ട് ശനിയാഴ്ച രാവിലെ 7.05നു കോഴിക്കോട്ടെത്തും. വൈകിട്ട് 5.30 തിരിച്ചുപോകുന്ന വിമാനം രാത്രി 9.15നു ജിദ്ദയിലെത്തും. വിമാനത്തില്‍ 423 പേര്‍ക്കു സഞ്ചരിക്കാം.
ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണു ജംബോ സര്‍വീസ്. പിന്നീട് കൂടുതല്‍ ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. കൊച്ചിയില്‍നിന്നുള്ള രണ്ടു സര്‍വീസാണു കരിപ്പൂരിലേക്കു മാറ്റിയത്. വിമാനത്തിനു കരിപ്പൂരില്‍ രാത്രികാല സര്‍വീസിനു സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അനുമതി നല്‍കിയിട്ടില്ല. രാത്രിയാത്രാ വിലക്ക് ആറു മാസത്തിനുശേഷം പുനഃപരിശോധിക്കുമെന്നാണു വിവരം.
റണ്‍വേ നവീകരണത്തെത്തുടര്‍ന്ന് 2015 മേയ് ഒന്നിനാണു കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്. ആറു മാസത്തിനകം റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനിടെ ഹജ് സര്‍വീസ് എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയിലേക്കു മാറ്റുകയും ചെയ്തു. മൂന്നര വര്‍ഷത്തിനുശേഷം, 2018 ഡിസംബറില്‍ സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തിയിരുന്നു. എമിറേറ്റ്‌സ് കൂടി തിരിച്ചെത്തുന്നതോടെ കരിപ്പൂര്‍ വിമാനത്താവളം പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്തും.
എയര്‍ ഇന്ത്യ വലിയ വിമാനവുമായി തിരിച്ചെത്തുന്നതോടെ കരിപ്പൂരില്‍നിന്നുള്ള ചരക്കു കയറ്റുമതിയും വര്‍ധിക്കും. പുതുതായി സര്‍വീസ് ആരംഭിക്കുന്ന വിമാനത്തില്‍ 20 ടണ്‍ ചരക്കു കയറ്റാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല