
സ്വന്തം ലേഖകൻ: ജിദ്ദ കോഴിക്കാേട് വിമാന സർവീസുകൾ പ്രവാസികൾക്ക് തലവേദനയാകുന്നു. കൃത്യസമയം പാലിക്കാതെയുള്ള യാത്ര, സർവീസുകൾ ഒരു മുന്നറിയിപ്പും കൂടാതെ റദ്ദാക്കുക തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചു വരുന്നു എന്ന് പ്രവാസികൾ പരാതി പറയുന്നു. കഴിഞ്ഞ ദിവസം തന്നെ ജിദ്ദ- കോഴിക്കോട് സർവിസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ചാർട്ടേഡ് വിമാന സർവിസുകൾ വെെകിയാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9.45ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ആണ് യാത്രക്കാരെ വലച്ചത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
രാവിലെ പുറപ്പെട്ടില്ലെങ്കിലും ഉച്ചക്ക് 1.25ന് പുറപ്പെടും എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ പിന്നീട് രാത്രി 10.30നായിരിക്കും വിമാനം പുറപ്പെടുന്നത് എന്ന വിവരം ലഭിക്കുകയായിരുന്നു. പല യാത്രക്കാരും വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. പലരും വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകുന്നവർ ആണ്. മറ്റു ചിലർ കുടുംബവുമെത്ത് നാട്ടിലേക്ക് പോകുന്നവരും. കുട്ടികൾക്ക് സ്ക്കൂളുകൾ തുറക്കാൻ സമയമായി.
ഈ സമയത്ത് നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ വേണ്ടി ടിക്കറ്റ് എടുത്തിരിക്കുന്നത്. ഒരാഴ്ചത്തെ അവധിക്കായി നാട്ടിലേക്ക് പോകുന്നവർ ഉണ്ട്. സന്ദർശക വീസയിലെത്തിയവർ മുറികൾ എല്ലാം ഒഴിവാക്കിയാണ് മറ്റു ചിലർ പോകുന്നത്. വിമാനങ്ങൾ വെെകുന്നതു മൂലം അവർക്ക് തിരിച്ചു പോകാൻ മറ്റൊരു സ്ഥലം ഇല്ലാതെയാകുന്നു. ടിക്കറ്റ് ഇഷ്യൂ ചെയ്‌താൽ പിന്നെ കാൻസൽ ചെയ്താലും കാശ് തിരിച്ചു കിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം യാത്രക്കാർ മറ്റു വിമാനങ്ങൾ യാത്രക്കായി ആശ്രയിക്കില്ല. ഒരാൾ ആണെങ്കിൽ വലിയ കുഴപ്പമില്ല, പക്ഷേ കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്.
അതേസമയം, വെള്ളിയാഴ്ച പുലർച്ച ജിദ്ദയിൽനിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിൽ ഇറക്കി. വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സമയം മാറ്റി വെള്ളിയാഴ്ച പുറപ്പെട്ട് കൊച്ചിയിൽ ഇറക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപ്പണി കഴിഞ്ഞിട്ടില്ല. പകൽ സമയങ്ങളിൽ ഇവിടെ വിമാനങ്ങൾ ഇറക്കാൻ സാധിക്കില്ല. അതിനാൽ ആണ് കൊച്ചിയിൽ വിമാനം ഇറക്കിയതെന്ന് അധികൃതർ പറയുന്നു. കൊച്ചിയിൽ നിന്നും കോഴിക്കോട് എത്തിക്കാം എന്ന് വിമാനക്കമ്പനി അധികൃതരുടെ നിർദേശം യാത്രക്കാർ അംഗീകരിച്ചില്ല. തുടർന്ന് ഇവരെ വിമാനമാർഗം തന്നെ കരിപ്പൂരിലെത്തിക്കാമെന്ന ധാരണയിൽ എത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല