
സ്വന്തം ലേഖകൻ: ജിദ്ദ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സമീപത്തെ ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ ജിദ്ദയില്‍ നിന്നു പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് കോഴിക്കോട് ഇറക്കാനാവാതെ കൊച്ചിയിലേക്കു വഴി തിരിച്ചു വിട്ടത്. കൊച്ചിയില്‍ രണ്ടിലേറെ തവണ നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. കൊച്ചി വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലേറെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമായിരുന്നു ലാന്‍ഡിങ്. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്.
യാത്രക്കാരെ മുഴുവന്‍ കൊച്ചി വിമാനത്താവളത്തില്‍ ഇറക്കി ടെര്‍മിനലിലേക്കു മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരിലേക്കു കൊണ്ടുപോകുകയായിരുന്നു. സ്‌പൈസ്‌ജെറ്റ് വിമാനം കോഴിക്കോട് ഇറങ്ങാന്‍ ഏതാനും സമയം മാത്രം ബാക്കിയുള്ളപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കോഴിക്കോട് വിമാനത്താവളത്തിലേത് അപകടകരമായ ടേബിള്‍ ടോപ് റണ്‍വെ ആണ്.
അതിനാല്‍ അപകടസാധ്യത മുന്നില്‍ക്കണ്ട് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ജിദ്ദയില്‍ നിന്ന് വന്ന സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ദുബായില്‍ നിന്ന് എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ആണ് യാത്രക്കാരെ പിന്നീട കോഴിക്കോട് എത്തിച്ചത്.
അതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന വിമാനത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി സമദ് ആണ് കസ്റ്റംസിന്റെ പിടിയില്‍ ആയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താനിരുന്ന സ്വര്‍ണം ആണ് എറണാകുളം കസ്റ്റംസ് പിടികൂടിയത്. അരയില്‍ തോര്‍ത്തു കെട്ടി അതിനകത്ത് ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം.
70 ലക്ഷം രൂപ വില വരുന്ന 1650 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് സമദില്‍ നിന്ന് പിടിച്ചെടുത്തത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താനായിരുന്നു സമദ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്റിംഗ് ആവശ്യമായി വന്നതോടെ ആണ് സമദ് പിടിക്കപ്പെട്ടത്. മറ്റൊരു വിമാനത്തില്‍ യാത്രായാക്കാന്‍ പരിശോധിക്കപ്പെട്ടപ്പോഴാണ് സമദിന് പിടിവീണത്. പരിശോധനക്കിടെ സ്വര്‍ണം ഉപേക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് സമദിനെ കസ്റ്റംസ് പിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല