സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഖ്യാതി ഇല്ലാതാവാന്‍ ഇനി അധിക കാലം വേണ്ടിവരില്ല. സൗദി അറേബ്യയിലെ ജിദ്ദ നഗരത്തില്‍ ഉയരുന്ന ‘ജിദ്ദ ടവര്‍’ ബുര്‍ജ് ഖലീഫയെ ഉയരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മാറും.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ എറ്റവും ഉയരം കൂടിയ കെട്ടിടം ആയിരിക്കും 3290 അടി അഥവാ ഒരു കിലോമീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന കിംഗ്ഡം ടവര്‍ എന്ന ജിദ്ദ ടവര്‍. വടക്കന്‍ ജിദ്ദയില്‍ ചെങ്കടലിനോട് ചേര്‍ന്ന് 53 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലുള്ള കിംഗ്ഡം സിറ്റിയിലാണ് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള ലോകത്തിലെ ആദ്യ കെട്ടിടവും ഇതായിരിക്കും. സൗദി രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയാണ് ഈ അംബര ചുംബി കെട്ടിടം നിര്‍മ്മിക്കുന്നത്.
പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ഫോര്‍സീസണ് പുറമെ ഫോര്‍ സീസണ്‍ അപ്പാര്‍ട്ട്മെന്റ്സ്, ലോകോത്തര നിലവാരത്തിലുള്ള ഓഫിസ് മുറികള്‍, നിരീക്ഷണ കേന്ദ്രം എന്നിവയും ജിദ്ദ ടവറിലുണ്ടാകും. കൂടാതെ ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന കിംഗ്ഡം ടവറില്‍ 80,000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടാകും. വായുവിന്റെ ഭാരം കുറയുന്ന വിധത്തിലുള്ള എയറോഡൈനാമിക് രീതിയിലാണ് ഇതിലെ വീടുകളുടെ നിര്‍മാണം. കെട്ടിടത്തിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത സെക്കന്‍ഡില്‍ 10 മീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഡൈനാമിക് ലിഫ്റ്റാണ്.
ലോകപ്രശസ്ത ആര്‍ക്കിട്ടെക്റ്റുമാരായ അഡ്രിയാന്‍ സ്മിത്തും ഗോര്‍ഡന്‍ ഗില്ലും ചേര്‍ന്നാണ് ജിദ്ദ ടവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ സവിശേഷമായ ഈന്തപ്പനയോലയുടെ ആകൃതിയിലാണ് ടവറിന്റെ നിര്‍മാണമെന്ന് അവര്‍ പറയുന്നു. സൗദിയുടെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പിന്തുടര്‍ച്ചയാണ് ടവറിന്റെ രൂപകല്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഭാവി വളര്‍ച്ചയെ സൂചിപ്പിക്കുന്ന പുതിയ അടയാളമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും പറഞ്ഞു. നവ ഫ്യൂച്ചറിസ്റ്റിക് ശൈലിയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടൊപ്പം ദൃശ്യഭംഗിയിലും പുതിയ ഉയരങ്ങള്‍ കീഴടക്കാനിരിക്കുയാണ് ജിദ്ദ ടവര്‍.
ജിദ്ദ ടവറിന്റെ നിര്‍മ്മാണം 2013ലാണ് ആരംഭിച്ചതെങ്കിലും പല കാരണങ്ങളാല്‍ പ്രവൃത്തി നിലച്ചുപോവുകയായിരുന്നു. ഏകദേശം ടവറിന്റെ മൂന്നിലൊന്നു ഭാഗം പൂര്‍ത്തിയായ ശേഷം 2018-ല്‍ താല്‍ക്കാലികമായി നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. കെട്ടിടത്തിന്റെ കരാറുകാരായ ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ ഉടമയും ഒസാമ ബിന്‍ ലാദന്റെ അര്‍ദ്ധസഹോദരനുമായ ബക്കര്‍ ബിന്‍ ലാദന്‍ അറസ്റ്റ് ചെയ്യപ്പെടുകയും നിര്‍മാണച്ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.
പിന്നീട് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍മാണം പുനരാരംഭിക്കുന്നത് വൈകുകയുമുണ്ടായി. 2023 സെപ്റ്റംബറിലാണ് ടവറിന്റെ നിര്‍മ്മാണം വീണ്ടും തുടങ്ങിയത്. അടുത്ത അഞ്ചു വര്‍ഷത്തിനകം ടവറിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല