സ്വന്തം ലേഖകന്‍
പുരാണങ്ങളിലും മറ്റും ചതുരംഗത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വേണ്ടുവോളം ഉണ്ടെങ്കിലും നമ്മള്‍ ഇന്ത്യക്കാര്‍ ചെസ്സെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന പേര്‍ വിശ്വനാഥന്‍ ആനന്ദ് എന്നതായിരിക്കും, പൊതുവേ ബുദ്ധിയുടെ കളിയായി വിലയിരുത്തപ്പെടുന്ന ചെസ്സില്‍ സമകാലിക ലോക ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്നതില്‍ ആനന്ദ് വലിയ പങ്കു തന്നെ വഹിച്ചിട്ടുണ്ട്. ആനന്ദിന്റെ പാതയെ പിന്തുടരാന്‍ നമ്മുടെ കുട്ടികള്‍ മടിക്കുമ്പോള്‍, ക്രിക്കറ്റിനും ഫുട്ബോളിനും കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കും പുറകെ മാത്രം പായുന്ന നമ്മുടെ മക്കള്‍ മാതൃകയാക്കേണ്ടതു നാലു വയസുകാരനായ ജെഫ് ടോമിയെയാണ്.
യുകെയിലെ നാല് മികച്ച നേട്ടങ്ങളുമായി ചെസ്സില്‍ വാറ്റ് ഫോര്‍ഡില്‍ നിന്നുള്ള ഈ മലയാളി ബാലന്‍ ബ്രിട്ടീഷ് ചെസ്സില്‍ ശ്രദ്ധേയനാവുകയാണ്. വാറ്റ് ഫോര്‍ഡ് ലോറന്‍സ് ഹെയിന്‍സ് സ്കൂളിലെ റിസപ്ഷന്‍ വിദ്യാര്‍ഥിയാനു യുകെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഈ കൊച്ചു മിടുക്കന്‍.
ഓഗസ്റ്റില്‍ ഷെഫീല്‍ഡില്‍ നടന്ന ബ്രിട്ടീഷ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ -8 വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ച ജെഫ് അതിനു ശേഷം നടന്ന വിവിധ കൌണ്ടി ടൂര്‍ണമെന്ടുകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.ഹെഡ് ഫോര്‍ഡ് ഷയര്‍ കൌണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ ജെഫ് ബക്കിംഗ്‌ഹാംഷയര്‍,മിഡില്‍ സെക്സ്ബാര്‍ണറ്റ് ഫിഞ്ചിലി ചെസ് കൊണ്ഗ്രസുകളില്‍ രണ്ടാം സ്ഥാനം നേടുകയുമുണ്ടായി എന്നത് ഈ കൊച്ചുമിടുക്കനെ ഏവര്‍ക്കും പ്രിയങ്കരനാക്കുന്നു.
1924 -ല്‍ ആരംഭിച്ച കുട്ടികളുടെ പ്രശസ്ത ചെസ് ടൂര്‍ണമെന്റ് ആയ ലണ്ടന്‍ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലേക്ക് ജെഫ് ഇതിനകം മൂന്നു തവണ യോഗ്യത നേടുകയുണ്ടായി എന്നതും ഇ നാല് വയസുകാരന്‍ ഭാവിയില്‍ ലോക ചെസ്സില്‍ ഉന്നതങ്ങളില്‍ സ്ഥാനം ഉറപ്പിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. ഡിസംബര്‍ അവസാനം ലണ്ടനില്‍ വച്ചു നടക്കുന്ന ഫൈനല്‍ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ജെഫ് ഇപ്പോള്‍.വാറ്റ് ഫോര്‍ഡിലെ ടൌണ്‍ ചെസ് ക്ലബ്ബിലും ലണ്ടനിലെ പ്രശസ്തമായ ബാര്‍ണറ്റ് നൈറ്റ്സിലും ജെഫ് ഇതിനായി പരിശീലനം നേടി വരുന്നു.
കാഞ്ഞിരപ്പള്ളിപ്പള്ളിക്കടുത്തു ആനക്കല്ല് നെടുമ്പറാമ്പില്‍ ടോമിയുടെയും (ചാര്‍ട്ടേഡ് അക്കൌണ്ടന്റ് .ലണ്ടന്‍ ) ബ്രോണിയുടെയും മൂത്ത പുത്രനാണ് ജെഫ്.സംസ്ഥാന/യൂണിവേഴ്സിറ്റി തലത്തില്‍ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള
ടോമിയുടെത് ഒരു ചെസ് കളിക്കാരുടെ കുടുംബം തന്നെയാണ്.ടോമിയുടെ സഹോദരന്‍ ജസ്റ്റിന്‍ ചെസില്‍ ഏഴു തവണ കേരള സംസ്ഥാന ചാംപ്യന്‍ ആയിട്ടുണ്ട്.ഇദ്ദേഹം ഇപ്പോള്‍ ഷെഫീല്‍ഡില്‍ ജി പി ആയി ജോലി ചെയ്യുന്നു.
ടി വിക്ക് മുന്നില്‍ ചടഞ്ഞിരിക്കാന്‍ അനുവദിക്കാതെ ചെറുപ്പത്തില്‍ തന്നെ ചെസ് പോലെയുള്ള ബുദ്ധിപരമായ കളികളില്‍ കുട്ടികളെ പരിശീലിപ്പിച്ചാല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നതിന്റെ ദൃഷ്ട്ടാന്തമാണ് ഈ കൊച്ചു മിടുക്കന്‍.ചെസ് പോലെയുള്ള ഗെയിമുകള്‍ പരിശീലിപ്പിച്ചാല്‍ അത് കുട്ടികളിലെ ബുദ്ധിശക്തി,ഓര്‍മശക്തി,ഏകാഗ്രത,തീരുമാനമെടുക്കുവാനുള്ള കഴിവ് എന്നിവ വര്‍ധിപ്പിക്കും.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ചെസ് ഒരു പഠന വിഷയം ആക്കിയിരിക്കുന്നത് ഇതിന്റെ തെളിവാണ്.
അടുത്ത കാലത്ത് തമിഴ്‌നാട്ടിലെ പ്രൈമറി സ്കൂളില്‍ ചെസ് പഠന വിഷയമാക്കിയിരുന്നു.ബ്രിട്ടനിലും ചെസ് ഇന്‍ സ്കൂള്‍സ് എന്ന പ്രോഗ്രാമിലൂടെ സ്കൂളുകളില്‍ ചെസ് പരിശീലിപ്പിക്കുന്നുണ്ട്.എന്തായാലും ജെഫിന്റെ ഈ നേട്ടം യു കെ മലയാളികളായ നമ്മുടെ കുട്ടികള്‍ക്കും പ്രചോദനമാകുമെന്ന് നമുക്ക് കരുതാം.ഇത് സംബന്ധിച്ച കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് ടോമി എന്‍ ആര്‍ ഐ മലയാളിയെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല