സ്വന്തം ലേഖകന്‍: ചെന്നൈ മറീന ബീച്ചിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ ഉസാമ ബിന്‍ ലാദന്‍ അനുകൂലികള്‍ നുഴഞ്ഞു കയറിയതായി തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം. ജെല്ലിക്കെട്ട് വിലക്ക് നീക്കണമെന്ന ആവശ്യവുമായി മറീന ബീച്ചില്‍ നടന്ന പ്രക്ഷോഭത്തില്‍ രാജ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറിയതായി നിയമസഭയില്‍ ആരോപിച്ച ഒ പനീര്‍ ശെല്‍വം കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും വെളിപ്പെടുത്തി.
പ്രക്ഷോഭത്തിനിടെ പ്രത്യേക തമിഴ് രാഷ്ട്രം എന്ന ആവശ്യം ഉയര്‍ന്നതായും റിപ്പബ്‌ളിക് ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ചിലര്‍ ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം തെളിവ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസ് ബലപ്രയോഗം സംബന്ധിച്ച പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സമാധാനപരമായി സമരം ചെയ്ത ജനങ്ങളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുണ്ടായ കാരണം എന്തെന്ന് സ്റ്റാലിന്‍ ചോദിച്ചു. സാമൂഹിക വിരുദ്ധരും സംഘടനകളും നുഴഞ്ഞുകയറി പ്രക്ഷോഭം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതായ പൊലീസ് ന്യായീകരണം പനീര്‍ ശെല്‍വവും ആവര്‍ത്തിച്ചു. സമരത്തില്‍ ഇടപെടാന്‍ ശ്രമിച്ച ദുഷ്ടശക്തികളെ പൊലീസ് തിരിച്ചറിഞ്ഞു. പരേഡ് തടസ്സപ്പെടുത്താന്‍ റിപ്പബ്‌ളിക് ദിനം വരെ സമരം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായി കൂട്ടായ്മയിലുള്ള ചിലര്‍ വ്യക്തമാക്കിയതും അദ്ദേഹം ഓര്‍മിപ്പിച്ചു.
റിപ്പബ്‌ളിക് ദിനത്തില്‍ കരിങ്കൊടി ഉയര്‍ത്തി അസ്വാരസ്യം സൃഷ്ടിക്കാന്‍ തീവ്ര നിലപാടുകാര്‍ ശ്രമിച്ചിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് അഴിഞ്ഞാട്ടം സംബന്ധിച്ച് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥ്യമാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. കുപ്പികളും പെട്രോള്‍ ബോംബുകളായി അക്രമം അഴിച്ചുവിട്ടവരെ ചെറിയ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് പൊലീസ് പ്രതിരോധിച്ചതെന്നും പനീര്‍ ശെല്‍വം ന്യായീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല