സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സുമായി തമിഴ്‌നാട്, പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്. തമിഴ്‌നാട് സര്‍ക്കാരിന്റെ ജല്ലിക്കെട്ട് നിയമ വിധേയമാക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ രാഷ്ട്രപതിക്കു മുന്നിലെത്തി. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഓര്‍ഡിനന്‍സ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അയയ്ക്കും. ഇതോടെ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്താനുള്ള സാഹചര്യം ഒരുങ്ങുകയാണ്.
അടുത്ത ദിവസങ്ങളില്‍ത്തന്നെ താന്‍ ജല്ലിക്കെട്ട് ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജല്ലിക്കെട്ട് നിരോധനത്തിനെതിരേ ജനജീവിതം സ്തംഭിപ്പിച്ച് തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കിയത്.
ഉച്ചകഴിഞ്ഞു ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗം തയാറാക്കിയ ഓര്‍ഡിനന്‍സ് വൈകിട്ടോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. തുടര്‍ന്ന് വനംപരിസ്ഥിതി, നിയമ മന്ത്രാലയങ്ങളുടെ അനുമതിയും നേടി. അംഗീകാരം നല്‍കുന്നതിനു മുമ്പ് നിയമമന്ത്രാലയം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ഉപദേശപ്രകാരമുള്ള ഭേദഗതി വരുത്തിയതായാണു റിപ്പോര്‍ട്ടുകള്‍.
ജല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിധിപ്രഖ്യാപനം ഉണ്ടാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ജല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന. ജല്ലിക്കെട്ട് നടത്താന്‍ അനുമതി കൊടുത്ത കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്തെ വൈകാരിക സാഹചര്യം പരിഗണിച്ച് ജല്ലിക്കെട്ടു സംബന്ധിച്ച കേസില്‍ ഒരാഴ്ചത്തേക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നു കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകള്‍ റോത്തഗി ഇന്നലെ അഭ്യര്‍ഥിക്കുകയായിരുന്നു. പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമെന്ന നിലയ്ക്ക് ജല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം നമ്മുടെ നാടിന്റെ തനതു സംസ്‌കാരങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. നിരോധനം നിലവിലുണ്ടെങ്കിലും പരിപാടി നടത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു വ്യാഴാഴ്ച പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടിരുന്നു.
അതിനിടെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സേലത്ത് നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിനിടെ ട്രെയിനിന് മുകളില്‍ കയറിയ 16 കാരന് ഗുരുതര ഷോക്കേറ്റു. ഗുരുതര പൊള്ളലേറ്റ ലോകേഷ് അത്യാസന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ജല്ലിക്കെട്ടിനുവേണ്ടി അഞ്ചു ദിവസമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മറീന കടല്‍ക്കരയില്‍ നടക്കുന്ന പ്രക്ഷോഭം തുടരുകയാണ്. ആദ്യദിവസം പോലീസിന് നേരിയ തോതില്‍ ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു എന്നതൊഴിച്ചാല്‍ ഏറെ സമാധാനപരമായി നടക്കുന്ന പ്രതിഷേധം അക്രമത്തിലേക്ക് ഇതുവരെ വഴിമാറിയിട്ടില്ല. ബസുകള്‍ക്കുനേരെ കല്ലേറോ, പൊതുമുതല്‍ നശിപ്പിക്കലോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ഇത്തവണ പൊങ്കല്‍ ആഘോഷത്തിന് ജല്ലിക്കെട്ടുണ്ടാവില്ല എന്ന വാര്‍ത്തയാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തുടക്കമായത്. സാമൂഹിക മാധ്യമങ്ങളും, സ്മാര്‍ട്ട്‌ഫോണുകളും ഉപയോഗിച്ച് കൂട്ടായ്മയ്ക്ക് വേദിയൊരുക്കിയ യുവത്വം ആദ്യ ദിവസം മനുഷ്യച്ചങ്ങലയോടെയാണ് തുടങ്ങിയത്. പിന്നീട് പതുക്കെ തമിഴകത്തെ വിറപ്പിച്ച ദേശീയ ശ്രദ്ധ നേടിയ സമരകായി അത് മാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല