സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രം കൈകഴുകി, തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിപ്പടരുന്നു, ഇന്ന് ബന്ദ്. കാളപ്പോരിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകള്‍ വെള്ളിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാളപ്പോരിന് അനുമതി ലഭിക്കുന്നത് വരെ പിന്മാറില്ലെന്നു സമരം നയിക്കുന്ന യുവജനവിദ്യാര്‍ഥി കൂട്ടായ്മകള്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിപ്രധാനമന്ത്രിതല കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ സംസ്ഥാനമെങ്ങും വിദ്യാര്‍ഥികള്‍ നയിക്കുന്ന സമരത്തിന് ബഹുജന പിന്തുണ വര്‍ധിച്ചു. പ്രതിഷേധങ്ങള്‍ക്ക് സി.പി.എം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ട്രെയിനുകള്‍ ഉപരോധിക്കുമെന്ന് ഡി.എം.കെയും അറിയിച്ചിട്ടുണ്ട്.
ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വിഷയത്തില്‍ തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യമാണ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നത് കോടതി അലക്ഷ്യമാകുമെന്നും മോദി അറിയിച്ചു. എങ്കിലും ഇക്കാര്യത്തില്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയക്കുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കി.
പ്രക്ഷോഭത്തെ പിന്തുണച്ച് പ്രഖ്യാപിച്ച് ഉപവസിക്കുമെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു. ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, സദ്ഗുരു ജഗി വസുദേവ അടക്കമുള്ളവര്‍ കാളപ്പോരിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സൂപ്പര്‍താരം രജനീകാന്ത് മൗന ധര്‍ണയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സൂചന.
മൂന്നു ദിവസമായി മറീനാ ബീച്ചില്‍ തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ വിലക്കു നീക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ്. തമിഴ് സംസ്‌കൃതിയെ വാഴ്ത്തിയും തമിഴ് സംസ്‌കാരത്തിന്റെ അഭിമാനവും പ്രൗഢിയും മുദ്രാവാക്യങ്ങളിലൂടെ മുഴക്കിയുമാണ് സമരം. രാഷ്ട്രീയ നേതാക്കളെപ്പോലും പുറത്തുനിര്‍ത്തിയാണു മറീനയില്‍ ആട്ടവും പാട്ടുമായുള്ള പ്രതിഷേധം.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം ലഭിച്ചതോടെ കൂടുതലാളുകള്‍ മറീനാ ബീച്ചിലേക്ക് ഒഴുകുകയാണ്. കടല്‍ത്തീരത്തു വീഴുന്ന മാലിന്യങ്ങള്‍ പോലും അപ്പപ്പോള്‍ നീക്കിയുള്ള സമരരീതി സമാധാനപരവുമാണ്. ആള്‍ക്കൂട്ടം അനുനിമിഷം വിപുലമാകുന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.ജല്ലിക്കെട്ടിനെതിരേ പ്രചാരണം നടത്തുന്ന മൃഗസ്‌നേഹി സംഘടനയായ ”പെറ്റ”യ്ക്ക് സംസ്ഥാനത്തു നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
മാട്ടുപ്പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള പരമ്പരാഗത കാള മെരുക്കല്‍ വിനോദമാണു ജല്ലിക്കെട്ട്. ഇതു മൃഗപീഡനമാണെന്ന ”പെറ്റ” (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്) യുടെ പരാതിയില്‍ 2014ല്‍ ഇതു സുപ്രീം കോടതി വിലക്കി. ഇതിനെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ജല്ലിക്കെട്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച വിജ്ഞാപനം സ്‌റ്റേയിലുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല