സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി നേതാവായി ജെറമി കോര്‍ബിന്‍ വീണ്ടും, പാര്‍ട്ടി ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന് നിരീക്ഷകര്‍. 61. 8 വോട്ടുകള്‍ സ്വന്തമാക്കിയാണ് കോര്‍ബിന്‍ എതിരാളി ഓവന്‍ സ്മിത്തിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ കോര്‍ബിന് അന്തിമഫലം പ്രഖ്യാപിച്ചപ്പോള്‍ 313,209 ഉം വോട്ടുകളും സ്മിത്തിന് 193,226 ഉം വോട്ടുകളും ലഭിച്ചു.
പാര്‍ട്ടിയെ തീവ്ര ഇടതുപക്ഷത്തേക്കു നയിക്കാന്‍ കോര്‍ബിന്റെ തെരഞ്ഞെടുപ്പു വഴിവയ്ക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. കോര്‍ബിന്റെ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയിലെ ഇടത്, വലതു വിഭാഗങ്ങള്‍ കൂടുതല്‍ അകന്നു. 67കാരനായ കോര്‍ബിന്‍ മുപ്പതുവര്‍ഷം എംപിയായിരുന്നെങ്കിലും പാര്‍ലമെന്റില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടില്ല. അടുത്തകാലത്തു പാര്‍ട്ടിയില്‍ പുതുതായി അംഗത്വമെടുത്തവരുടെ വോട്ടാണ് കോര്‍ബിനു തുണയായത്.
ബ്രെക്‌സിറ്റിനു ശേഷം കോര്‍ബിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ല എന്ന് ആരോപിച്ച് ജൂണില്‍ നിരവധി എംപിമാര്‍ നിഴല്‍മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കോര്‍ബിന് ഇത് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതിയിരുന്നത്. പാര്‍ട്ടിയില്‍ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നു തെരഞ്ഞെടുപ്പു ഫലം അറിഞ്ഞശേഷം ലിവര്‍പൂളിലെ പാര്‍ട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോര്‍ബിന്‍ പ്രസ്താവിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല