സ്വന്തം ലേഖകന്‍: ചാരനെന്ന് ആരോപിച്ച് ബ്രിട്ടീഷ് അമേരിക്കന്‍ പൗരനെ റഷ്യ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര യുദ്ധത്തില്‍ സാധാരണക്കാരെ കരുവാക്കരുതെന്ന് ബ്രിട്ടന്. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കും പുറമെ കാനഡയുടേയും അയര്‍ലാന്റിന്റെയും പാസ്പോര്‍ട്ടുകളും അറസ്റ്റിലായ പോള്‍ വെലനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 28 നാണ് വെലന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാരവൃത്തി ആരോപിച്ച് ബ്രീട്ടീഷ് അമേരിക്കന്‍ പൌരന് പോള്‍ വെലനെ മോസ്കോയില്‍ വെച്ച് റഷ്യന്‍ സുരക്ഷാ സേനയായ എഫ്.എസ്.ബി കസ്റ്റഡിയിലെടുത്തത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുന്‍ നാവിക സേന ഉദ്യോഗസ്ഥന് കൂടിയായ വെലനെ കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം പറയുന്നത്. പോള്‍ വെലന്റെ അറസ്റ്റില്‍ ഏറെ അസ്വസ്ഥരാണെന്ന് ബ്രിട്ടന് പ്രതികരിച്ചു. വെലന് നയതന്ത്ര സഹായം നല്കാന് തയ്യാറാണ്, എന്നാല്‍ വിഷയത്തില്‍ അമേരിക്ക നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെര്‍മി ഹണ്ട് പറഞ്ഞു.
വെലന്റെ അറസ്റ്റില്‍ വിശദീകരണം നല്‍കണമെന്ന് നേരത്തെ അമേരിക്കയും റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ അറസ്റ്റാണ് നടന്നതെങ്കില്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോള്‍ വെലനതിരെ എഫ്.എസ്.ബി ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ചെയ്ത തെറ്റെന്താണെന്ന് എഫ്.എസ്.ബി വ്യക്തമാക്കിയിട്ടില്ല. ബ്രിട്ടനിലേക്ക് കൂറുമാറിയ മുന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് സെര്‍ഗെയി സ്ക്രിപാലിനും മകള്‍ക്കും നേരെ കഴിഞ്ഞ വര്‍ഷമുണ്ടായ രാസായുധ പ്രയോഗത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധം തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല