സ്വന്തം ലേഖകൻ: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അവഞ്ചേഴ്സ് താരം ജെറമി റെന്നർ (51) ജീവിതത്തിലേക്കു തിരിച്ചുവരുന്നു. പരുക്കേറ്റ മുഖത്തിന്റെ സെൽഫി ചിത്രം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അദ്ദേഹം, ആരാധകരോടു നന്ദി പറഞ്ഞു. ഞായറാഴ്ച നെവാഡയിലെ റെനോയിലുള്ള വീടിനുസമീപത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അന്നുതന്നെ ആകാശമാർഗം ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
മഞ്ഞു കോരാനുപയോഗിക്കുന്ന ഉപകരണം ഘടിപ്പിച്ച വാഹനത്തിലെ ഉപകരണം (സ്നോ പ്ലൗ) റെന്നറിന്റെ മേൽ വീഴുകയായിരുന്നു. കാറിനേക്കാൾ മൂന്നിരട്ടി ഭാരമുള്ള (6.5 ടൺ) വാഹനമാണ് ഇത്. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.
ബന്ധു ഉപയോഗിച്ചിരുന്ന റെന്നറിന്റെ കാർ വീടിനടുത്ത് മഞ്ഞിൽ കുടുങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് റെന്നർ എത്തിയത്. സ്നോ പ്ലൗവുമായി എത്തിയ റെന്നർ മഞ്ഞു മാറ്റി കാറിന്റെ യാത്രാതടസ്സം മാറ്റി. തുടർന്ന് ബന്ധുവിനോടു സംസാരിക്കാൻ അദ്ദേഹം വാഹനത്തിൽനിന്നിറങ്ങിച്ചെല്ലുകയും സ്നോ പ്ലൗ തനിയെ നീങ്ങുകയുമായിരുന്നു. പെട്ടെന്നുതന്നെ വാഹനം നിർത്താൻ റെന്നർ ശ്രമിച്ചപ്പോൾ ഉപകരണത്തിന്റെ വലിയൊരു ഭാഗം അദ്ദേഹത്തിന്റെമേൽ വീഴുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിക്കിടക്കയിൽനിന്നാണു താരം ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടത്. ‘‘എല്ലാവരുടെയും സമാശ്വാസ വാക്കുകൾക്കു നന്ദി. എല്ലാവർക്കും എന്റെ സ്നേഹം’’ – സെൽഫിക്കൊപ്പം അദ്ദേഹം കുറിച്ചു.
അവഞ്ചേഴ്സ് സിനിമയിലെ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ജെറമി റെന്നർ. ദ് ടൗണ്‍, മിഷന്‍ ഇംപോസിബിള്‍, അമേരിക്കന്‍ ഹസില്‍, ’28 വീക്ക്‌സ് ലേറ്റര്‍ തുടങ്ങിയവയാണ് റെന്നെറുടെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍. 2021ൽ റിലീസ് ചെയ്ത ബാക് ഹോം എഗെയ്ൻ എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജെറമി രണ്ടുതവണ ഓസ്കർ നോമിനേഷൻ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല