1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

ലണ്ടന്‍ : ലോയ്ഡ്‌സ് ബാങ്കിന്റെ ഓണ്‍ലൈന്‍ സുരക്ഷാ വിഭാഗം മുന്‍ മേധാവി ബാങ്കില്‍ നിന്ന് 2.4 മില്യണ്‍ പൗണ്ട് വെട്ടിച്ചതായി കോടതിയില്‍ സമ്മതിച്ചു. ലോയ്ഡ്‌സ് ബാങ്കിന്റെ ഓണ്‍ലൈന്‍ സുരക്ഷാവിഭാഗം മേധാവിയായിരുന്ന ജസീക്ക ഹാര്‍പെറാണ് ബാങ്കിലെ തന്റെ ഉന്നത പദവി ദുരുപയോഗം ചെയ്തതായി സമ്മതിച്ചത്. 2007 മുതല്‍ 2011 വരെയുളള നാല് വര്‍ഷത്തെ കാലയളവിലാണ് ജെസീക്ക തന്റെ മേധാവികളുടെ മൂക്കിന് താഴെയിരുന്ന് ഇത്രയും അധികം തുക തട്ടിപ്പ് നടത്തി സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ തട്ടിപ്പുകള്‍ തടഞ്ഞ് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ബാങ്കിംഗ് സൗകര്യം ഉറപ്പുകൊടുക്കേണ്ട വിഭാഗത്തിന്റെ മേധാവിയായിരുന്നു ജസീക്ക ഹാര്‍പെര്‍. വ്യാജ ഇന്‍വോയ്‌സുകള്‍ ഹാജരാക്കിയായണ് ജസീക്ക 2,463,750 പൗണ്ട് വെട്ടിപ്പ് നടത്തിയത്.

വെട്ടിപ്പ് നടത്തിയ തുക ഉപയോഗിച്ച് കുടുംബത്തിന് വേണ്ടി ഒരു വീട് വാങ്ങുകയാണ് ജസീക്ക ഹാര്‍പെര്‍ ചെയ്തതെന്നും കോടതി കണ്ടെത്തി. ഒപ്പം തെക്കന്‍ ഫ്രാന്‍സില്‍ വാങ്ങിയ വീടും സ്ഥലവും മെച്ചപ്പെടുത്താനും പണം ഉപയോഗിച്ചിട്ടുണ്ട്. മെറ്റ്‌സ് എക്കണോമിക് ആന്‍ഡ് സ്‌പെഷ്യലിസ്റ്റ് ക്രൈം യൂണിറ്റാണ് ഹാര്‍പറെ അറസ്റ്റ് ചെയ്തത്. സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ ജെസീക്ക പത്ത് മിനിട്ട് നീണ്ട ചോദ്യം ചെയ്യലില്‍ താന്‍ പണം തട്ടിപ്പ് നടത്തിയതായി സമ്മതിച്ചു. തന്റെ പദവി താന്‍ ദുരുപയോഗം ചെയ്‌തെന്നും വ്യാജ രേഖകള്‍ സമര്‍പ്പിച്ച് രണ്ട് മില്യണിലധികം പണം തന്റെ പേരിലേക്ക് മാറ്റിയെന്നുമാണ് അന്‍പതുകാരിയായ ജെസീക്ക കോടതിയില്‍ സമ്മതിച്ചത്.

നിലവില്‍ ബാങ്കിന്റെ ജോലിക്കാരിയല്ല ജെസീക്ക ഹാര്‍പെര്‍. 41 ശതമാനം ഗവണ്‍മെന്റിന് ഓഹരിയുളള ബാങ്കാണ് ലോയ്ഡ്‌സ് ബാങ്ക്. ഒരു ചെറിയ കുറ്റം മാത്രമാണ് ഇതെന്ന് ഹാര്‍പെറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആന്റണി സ്വിഫ്റ്റ് കോടതിയെ ബോധിപ്പിച്ചു. 300,000 പൗണ്ട് ജെസീക്ക ഇതിനോട് അകം തന്നെ തിരിച്ചടച്ചിട്ടുണ്ടെന്നും വീട് വിറ്റ ശേഷം ഒരു 700,000 പൗണ്ട് കൂടി ഉടന്‍ തിരിച്ചടയ്ക്കുമെന്നും സ്വിഫ്റ്റ് കോടതിയെ അറിയിച്ചു. കാണാനില്ലെന്ന് കണ്ടെത്തിയ 2.5 മില്യണില്‍ 1 മില്യണും ഹാര്‍പെര്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണന്നും സ്വിഫ്്റ്റ് കോടതിയെ അറിയിച്ചു. എന്നാല്‍ ഹാര്‍പറുടെ പേരിലുളള ഓഹരികളും പെന്‍ഷന്‍ഫണ്ടും തിരിച്ച് പിടിച്ച് ബാങ്കിലേക്ക് അടപ്പിക്കുകയും അതുവഴി ബാങ്കിനുണ്ടായ നഷ്ടം പരമാവധി കുറയ്ക്കാനുളള നടപടികള്‍ കോടതി സ്വീകരിക്കുകയും വേണമെന്ന് എതിര്‍വിഭാഗം വക്കീല്‍ കാരോള്‍ ഹൗലി കോടിതിയോട് അപേക്ഷിച്ചു.

തന്റെ ഉന്നത പദവി ജെസീക്ക ദുരുപയോഗം ചെയ്തതായി നീരീക്ഷിച്ച കോടതി അവര്‍ കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ ഉപാധികളോട് ജാമ്യം അനുവദിക്കുന്നതായി വ്യക്തമാക്കി. സെപ്റ്റംബര്‍ 21 വരെയാണ് ജാമ്യത്തിന്റെ കാലാവധി. അന്വേഷണത്തോടെ പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഒപ്പം രാജ്യത്ത് നിന്ന് കടന്നുകളയില്ലെന്ന് ഉറപ്പ്‌നല്‍കിയതിന്റേയും പിന്‍ബലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ബ്രിട്ടനിലെ വീടിന്റെ വിലാസത്തില്‍ ഹാര്‍പെര്‍ ഉണ്ടായിരിക്കണം. ഒപ്പം രാത്രി 9 മുതല്‍ രാവിലെ ഏഴ് വരെ വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. കേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ ജസീക്കയുടെ പാസ്്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.