സ്വന്തം ലേഖകന്‍: ഇന്ധനം തീര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം മലയാളി പൈലറ്റ് അതിസാഹസികമായി ഇറക്കി. ചൊവ്വാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞുകാരണം ഇറങ്ങാനാകാതെ 155 യാത്രക്കാരുമായി വട്ടമിട്ടു പറന്ന വിമാനമാണ് മലയാളി പൈലറ്റ് മനോജ് രാമവാര്യരുടെ മനസാന്നിധ്യം കാരണം തലനാരിഴക്ക് രക്ഷപ്പെട്ടത്.
ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് കനത്ത മൂടല്‍മഞ്ഞായതിനാല്‍ കൊച്ചിയില്‍ ഇറങ്ങാന്‍ സാധിക്കാതെ തിരുവനന്തപുരത്തേക്ക് വിടുകയായിരുന്നു. എന്നാല്‍ കനത്ത മൂടല്‍മഞ്ഞുകാരണം തിരുവനന്തപുരത്തും ലാന്റിംഗ് ദുഷ്‌കരമാവുകയായിരുന്നു. ഒപ്പം വിമാനത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സംവിധാനം തകരാറുമായി.
തിരുവനന്തപുരത്ത് വിമാനമിറങ്ങാതെ വീണ്ടും പറന്ന് മൂന്ന് തവണ ശ്രമിച്ചെങ്കിലും ലാന്റിംഗിനുള്ള ശ്രമം വിജയിച്ചില്ല. എന്നാല്‍ നാലാം തവണ ഇറങ്ങാന്‍ ശ്രമിക്കുന്ന സമയത്താണ് വിമാനത്തിന്റെ ഇന്ധനം തീര്‍ന്നുവരുന്നതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൈലറ്റ് മറ്റൊന്നും ചെയ്യാനില്ല എന്ന ‘മേയ് ഡേ’ സന്ദേശം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അയക്കുകയായിരുന്നു.
അവസാന സന്ദേശമായ ‘മേയ് ഡേ’ വിമാനത്താവളത്തിലെത്തില്‍ ലഭിച്ചതോടെ അടിയന്തിര സജ്ജീകരണങ്ങളൊരുക്കി അധികൃതര്‍ കാത്തുനിന്നു. ഒടുവില്‍ വിമനത്തിന്റെ പൈലറ്റും മലയാളിയുമായ മനോജ് രാമവാര്യര്‍ മനോധൈര്യം കൈവിടാതെ അതിസാഹസികമായി വിമാനം ഇറക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 155 യാത്രക്കാരുടെ ജീവനാണ് പൈലറ്റിന്റെ അവസ്രോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്നും 16,000 ലിറ്റര്‍ ഇന്ധനം വിമാനത്തില്‍ നിറച്ചശേഷം ഒന്‍പത് മണിയോടെ വിമാനം കൊച്ചിയിലേക്ക് യാത്രതിരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല