സ്വന്തം ലേഖകന്‍: മുംബൈയില്‍നിന്ന് ലണ്ടനിലേക്കു പോയ ജെറ്റ് എയര്‍വേസ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി, വഴികാട്ടാന്‍ ജര്‍മന്‍ പോര്‍വിമാനങ്ങള്‍. 330 യാത്രക്കാരും 15 ജീവനക്കാരുമായി പോയ 9 ഡബ്‌ള്യൂ118 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം അല്‍പനേരത്തേക്ക് നഷ്ടമായത്. ജര്‍മനിയിലെ കൊളോണ്‍ പ്രദേശത്തിന് മുകളിലത്തെിയപ്പോഴാണ് സംഭവം. വിമാനം റാഞ്ചാനുള്ള ശ്രമമാണെന്ന് സംശയിച്ച ജര്‍മന്‍ അധികൃതര്‍ ജെറ്റ് എയര്‍വേസിനടുത്തേക്ക് യുദ്ധവിമാനങ്ങള്‍ അയക്കുകയായിരുന്നു.
മുന്നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനം റാഞ്ചപ്പെട്ടതായാണ് ആദ്യം സംശയിച്ചത്. ഇതേ തുടര്‍ന്നാണ് ജര്‍മന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ യാത്രാ വിമാനത്തിന് അകമ്പടി സേവിക്കാനെത്തിയത്. ആശയവിനിമയ ബന്ധം പുനഃസ്ഥാപിച്ചതിനു ശേഷം വിമാനം സുരക്ഷിതമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറക്കി. സ്ലൊവോക്യന്‍ എടിസിയില്‍ (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) നിന്ന് പ്രേഗിലെ എടിസിക്ക് വിമാനത്തിന്റെ വിവരം കൈമാറുന്നതിനിടെയാണ് ബോയിങ് 777 വിമാനവുമായുള്ള ബന്ധം നഷ്ടമായത്.
ഇതോടെ ദിശയറിയാതെ വിമാനം പറക്കാനാരംഭിച്ചു. വിമാനം റാഞ്ചപ്പെട്ടെന്ന ആശങ്കയില്‍ ജര്‍മ്മന്‍ വ്യോമസേന ഉടനെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ജെറ്റ് എയര്‍വേഴ്‌സിനടുത്തേക്ക് അയച്ചു. യുദ്ധവിമാനങ്ങള്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനവുമായി ബന്ധപ്പെടുകയും സിഗ്‌നല്‍ നഷ്ടപ്പെട്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന് അവയ്ക്ക് മുന്‍പേ പറക്കുകയുമായിരുന്നു. അല്‍പസമയത്തിന് ശേഷം വിമാനം എടിസിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ വ്യോമസേന വിമാനങ്ങള്‍ പിന്‍വാങ്ങി.
യാത്രാവിമാനത്തിന്റെ പൈലറ്റ് തെറ്റായ ഫ്രീക്വന്‍സി ഉപയോഗിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫെബ്രുവരി 14ന് നടന്ന സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞായറാഴ്ചയാണ് ജെറ്റ് എയര്‍വേസ് പുറത്തുവിട്ടത്. വിമാനത്തിലെ പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വിമാന കമ്പനി അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിനെയും അറിയിച്ചതായും അന്വേഷണം തുടങ്ങിയതായും ജെറ്റ് എയര്‍വേസ് വക്താവ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല