സ്വന്തം ലേഖകന്‍: ചിറകു തളര്‍ന്ന് ‘ജെറ്റ് എയര്‍വേയ്‌സ്’; മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം മടക്കിക്കിട്ടുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയത് ഏറെ മുന്‍കൂട്ടി കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എടുത്ത മലയാളികളടക്കമുള്ളവരെ വെട്ടിലാക്കി. പണം എപ്പോള്‍ മടക്കിക്കിട്ടുമെന്ന കാര്യത്തിലും ഉറപ്പില്ല. ഇനി മറ്റു വിമാനങ്ങളില്‍ ടിക്കറ്റിന് കഴുത്തറുപ്പന്‍ നിരക്ക് നല്‍കേണ്ടിവരുമെന്നതിനാല്‍ കുടുംബമായി നാട്ടില്‍ പോകാനിരുന്ന പലരും യാത്ര ഒഴിവാക്കി. ജെറ്റ് എയര്‍വേയ്‌സ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ നിര്‍ത്തി വച്ചതിനാല്‍ മുബൈയിലേക്കു ടിക്കറ്റ് എടുത്ത് കണക്?ഷന്‍ വിമാനത്തിനു പോകാനിരുന്നവരുടെ യാത്രയാണു മുടങ്ങിയത്.
ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്‌കൂള്‍ അധ്യാപകന്‍ നിസാര്‍ കാവുങ്കല്‍ ഭാര്യയും മക്കളുമുള്‍പ്പെടെ 5 പേര്‍ക്ക് 4500 ദിര്‍ഹത്തിനാണ് ഡിസംബറില്‍ ജെറ്റ് എയര്‍വേയ്‌സില്‍ ടിക്കറ്റ് എടുത്തത്. ജൂലൈ 15നുള്ള ടിക്കറ്റ് ഒരു ഏജന്‍സിയുടെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുകയായിരുന്നു. കൊച്ചിയിലേക്കു നേരിട്ടു സര്‍വീസ് ഇല്ലാത്തതിനാലാണ് മുംബൈ വഴി പോകാന്‍ തീരുമാനിച്ചത്. അല്‍പം ബുദ്ധിമുട്ടിയാലും നേരിട്ടുള്ള സര്‍വീസിനേക്കാള്‍ നിരക്കു കുറയുമെന്നതു കൂടി കണക്കിലെടുത്തായിരുന്നു ഇത്.
ജെറ്റ് സര്‍വീസ് നിര്‍ത്തിയതോടെ യാത്ര മുടങ്ങുമെന്ന അവസ്ഥയാണെന്നു നിസാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഏജന്‍സിയോടു പണം ചോദിച്ചപ്പോള്‍ മടക്കി നല്‍കാമെന്നും അതെപ്പോഴെന്നു പറയാനാവില്ലെന്നുമാണത്രേ മറുപടി. പുതിയ ടിക്കറ്റ് എടുക്കാമെന്നു വച്ചാല്‍ 5 പേര്‍ക്ക് 9,000 ദിര്‍ഹത്തിനു മുകളിലാണ് ഇപ്പോഴത്തെ നിരക്ക്. ബുക്ക് ചെയ്തപ്പോഴത്തേതിന്റെ ഇരട്ടിയിലേറെ. ഈ സാഹചര്യത്തില്‍ യാത്ര ഒഴിവാക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.
രണ്ടുവര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന തനിക്കും കുടുംബത്തിനും ബന്ധുക്കളെ കാണാന്‍ പറ്റാത്തതിലുള്ള വിഷമത്തിനു പുറമേ പല പ്രധാന ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയുകയില്ലെന്നും പറഞ്ഞു. ജെറ്റുമായി കോഡ് ഷെയറിങ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇത്തിഹാദ് വിമാനത്തില്‍ നാട്ടില്‍ പോകാനിരുന്ന കോഴിക്കോട് സ്വദേശിയും ഷാര്‍ജ നിംസ് അധ്യാപകനുമായ അബ്ദുല്‍ ജലീല്‍ അനിശ്ചിതത്വത്തെ തുടര്‍ന്നു ടിക്കറ്റ് റദ്ദാക്കി. ടിക്കറ്റ് തുകയായ 1700 ദിര്‍ഹം മടക്കിക്കിട്ടാന്‍ 25 ദിവസം വേണ്ടിവരുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നു ജലീല്‍ പറഞ്ഞു.
പല ഓണ്‍ലൈന്‍ ഏജന്‍സികള്‍ക്കും യുഎഇയില്‍ ഓഫിസ് ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. ഇ മെയിലുകള്‍ക്ക് കൃത്യമായ മറുപടി ലഭിക്കാറുമില്ല. ഇത്തിഹാദ് വിമാനങ്ങളില്‍ പകരം ക്രമീകരണം ഏര്‍പ്പെടുത്തുമെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറയുന്നു. റമസാനും വേനലവധിയും അടുത്തുവരുന്നതിനാല്‍ വിമാനയാത്രാ നിരക്കു കുതിച്ചുയരുകയാണ്. റമസാന്‍ കാലത്ത് ഹോട്ടലുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരില്‍ വലിയൊരുവിഭാഗം നാട്ടില്‍ പോകുന്നതിനാല്‍ യാത്രാനിരക്കു കുത്തനെ ഉയരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല