ബര്‍ലിന്‍:: സുന്നത്ത് നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ട് ജര്‍മനിയിലെ നൂറുകണക്കിന് ജൂത, മുസ്ലിം വിശ്വാസികള്‍ ബെര്‍ലിനില്‍ പ്രകടനം നടത്തി. സുന്നത്തിന് അനുകൂല നിലപാട് സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനംചെയ്തിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരുടെ എതിര്‍പ്പ് പ്രശ്‌നമായി നിലനില്ക്കുകയാണ്. സുന്നത്തിന് അനുകൂലമായി നിയമനിര്‍മാണം വേണമെന്ന് 300 ഓളം പേര്‍ പങ്കെടുത്ത പ്രകടനത്തെ നിയിച്ച ബെര്‍ലിന്‍ ജ്യുത സമൂഹത്തിന്റെ ചെയര്‍പേഴ്‌സണ്‍ ലാല സുബ്കിന്ദ് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ലക്ഷ്യവും പ്രകടനക്കാര്‍ ഉയര്‍ത്തി. മുസ്ലിം ജൂത വംശജരെ സംബന്ധിച്ച് സുന്നത്ത് പരമപ്രധാനമാണ്. ലോകാരോഗ്യസംഘടന വരെ സുന്നത്ത് നിര്‍ദേശിക്കുന്നു-അവര്‍ വാദിക്കുന്നു. പുരുഷന്മാര്‍ സുന്നത്ത് ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാണെന്ന് മതഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതായും ഇവര്‍ വാദികുന്നു. ഇസ്ലാം മതത്തിലേത് പോലെ തന്നെ ജൂതന്‍മാര്‍ക്കും സുന്നത്ത് മതവിശ്വാസത്തിന്റെ ഭാഗമാണ്. ലോകവ്യാപകമായി എല്ലാ രാജ്യങ്ങളിലും ജൂതസമൂഹം സുന്നത്ത് ചെയ്യാറുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിയമ പരിരക്ഷ ലഭിക്കുന്ന ഈ ആചാരം ജര്‍മനിയില്‍ നിയമ വിരുദ്ധമാക്കിയതാണ് ജൂതഇസ്ലാം മതവിഭാഗങ്ങളെ പ്രകോപിപ്പിച്ചത്.
ജര്‍മനിയിലെ 5.5 മില്ല്യണ്‍ മുസ്ലിം വിശ്വാസിസമൂഹം നൂറ്റാണ്ടുകളായി ചെയ്തു വരുന്ന ഈ ആചാരം ശരീരത്തിന് ദോഷം ചെയ്യുമെന്ന വാദം തെറ്റാണെന്ന് മുസ്ലിം മതപണ്ഡിതര്‍ വാദിക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായി ജര്‍മനിയില്‍ പ്രതിവര്‍ഷം 20,000 മുസ്ലിം ബാലന്മാര്‍ സുന്നത്തിന് വിധേയരാകുന്നുണ്ട്. സുന്നത്തിനെ തുടര്‍ന്നു അമിത രക്തസ്രാവം മൂലം ഗുരുതരാവസ്ഥയില്‍ മുസ്ലിം ബാലന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേസില്‍ വിധി പറയവെ അടുത്തിടെ സുന്നത്ത് നിയമ വിരുദ്ധമാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജര്‍മനിയിലെ കൊളോഗ്‌നെ പ്രവിശ്യ കോടതിയുടേതായിരുന്നു ഉത്തരവ്. ജര്‍മനിയിലെ 15 സംസ്ഥാനങ്ങളും ഈ ഉത്തരവിന് നിയമ പ്രാബല്യം നല്കി നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇതാണ് പ്രതിഷേധത്തിനു അടിസ്ഥാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല