സ്വന്തം ലേഖകന്‍: യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്ത്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന 2891 രഹസ്യരേഖകളാണ് യുഎസ് ഭരണകൂടം ഓണ്‍ലൈനായി പുറത്തുവിട്ടത്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ രഹസ്യരേഖകളുടെ ഒരു ഭാഗം മാത്രമാണ് പുറത്തുവിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സി.ഐ.എയുടെയും എഫ്.ബി.ഐയുടെയും അഭ്യര്‍ഥന മാനിച്ച് ചില സുപ്രധാന രേഖകള്‍ പുറത്തുവിടാതെ മാറ്റിവെക്കുകയായിരുന്നു. കെന്നഡിയുടെ ഘാതകനെന്നു കരുതുന്ന ലീ ഹാര്‍വി ഒസ്‌വാള്‍ഡിനെതിരെ വധഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ ഡാളസ് പൊലീസിന് എഫ്.ബി.ഐ മുന്നറിയിപ്പു നല്‍കിയതായി രേഖകളിലുണ്ട്. ഒസ്‌വാള്‍ഡിന് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അന്നത്തെ എഫ്.ബി.ഐ മേധാവിയായിരുന്ന ജെ എഡ്ഗര്‍ ഹൂവര്‍ നിര്‍ദേശം നല്‍കുകയുണ്ടായി.
കെന്നഡിയുടെ മരണം നടന്ന് രണ്ടുദിവസത്തിനു ശേഷം ഡാളസ് പോലീസ് സ്‌റ്റേഷനില്‍ ഒസ്‌വാള്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയാണ് ഒസ്‌വാള്‍ഡിനെ വെടിവെച്ചതെന്നും കണ്ടെത്തി. ജാക്ക്‌റൂബി പിന്നീട് ജയിലില്‍ അര്‍ബുദ ബാധിതനായി മരിച്ചു. മുന്‍നാവികനും സോവിയറ്റ് അനുഭാവിയുമായിരുന്നു ഒസ്‌വാള്‍ഡ്. മെക്‌സികോസിറ്റിയിലെ റഷ്യന്‍ എംബസിയില്‍ വെച്ച് ഇയാള്‍ റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബി ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതായും രേഖകളില്‍ സൂചനയുണ്ട്.
കെന്നഡി വധത്തിനു ശേഷം യു.എസ്, സോവിയറ്റ് യൂണിയനു നേരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് സോവിയറ്റ് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരുന്നതായും രേഖകളില്‍ പറയുന്നു. കെന്നഡി വധിക്കപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് ബ്രിട്ടനിലെ പ്രാദേശിക പത്രമായ കേംബ്രിജ് ന്യൂസിന് യു.എസില്‍ നിന്ന് വലിയൊരു വാര്‍ത്ത വരാനിരിക്കുന്നുവെന്ന് അജ്ഞാത ടെലിഫോണ്‍ സന്ദേശം ലഭിച്ചിരുന്നതായും രേഖകളില്‍ വെളിപ്പെടുത്തുന്നുണ്ട്.
1963 നവംബര്‍ 22 നാണ് കെന്നഡി ഡാളസില്‍ വെച്ച് വെടിയേറ്റു മരിച്ചത്. ജോണ്‍ എഫ്. കെന്നഡി വധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഘട്ടംഘട്ടമായി പുറത്തു വിടണമെന്ന് 1992 ല്‍ യു.എസ് കോണ്‍ഗ്രസ് ഉത്തരവിട്ടിരുന്നു. സമയപരിധിയുടെ ഒരു ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചു. 2018 ഏപ്രില്‍ 26 ആണ് അടുത്ത ഘട്ടത്തിന്റെ സമയം അവസാനിക്കുക. അതേസമയം, കെന്നഡി വധത്തിലെ നിഗൂഢതകളെപ്പറ്റി അന്വേഷിക്കുന്ന സംഘങ്ങള്‍ക്ക് പുതിയ രേഖകള്‍ സഹായകരമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല