സ്വന്തം ലേഖകന്‍: ഝാര്‍ഖണ്ഡില്‍ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ 19 പേര്‍ പിടിയില്‍, ആക്രമം നടന്നത് വാട്‌സാപ്പില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെ തുടര്‍ന്ന്. സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിലാണ് 19 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സിങ്ഭും ജില്ലയില്‍ രണ്ടു സംഭവങ്ങളിലായാണ് ഏഴു പേരെ ജനക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
എന്നാല്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ച വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നാഗാദിയില്‍ വികാസ് കുമാര്‍ വര്‍മ, ഗൗതം കുമാര്‍ വര്‍മ, ഗംഗേശ് ഗുപ്ത എന്നിവരെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയത്. വികാസിന്റെയും ഗൗതമിന്റെയും മുത്തശ്ശിക്കും ക്രൂരമായി മര്‍ദനമേറ്റു.
ശോഭാപൂരില്‍ കന്നുകാലി വ്യാപാരികളായ നാലു പേരെയും ജനക്കൂട്ടം സമാന ആരോപണം ഉന്നയിച്ച് അതിക്രൂരമായി കൊലപ്പെടുത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ട നഈം എന്ന യുവാവിന്റെ മരണത്തിന് മുമ്പുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാല് മണിക്കൂറോളം നീണ്ട വിചാരണകള്‍ക്കും പീഡനങ്ങള്‍ക്കും ഒടുവിലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടികളെ തട്ടിക്കൊണ്ട് പോയി അവരുടെ ശരീരഭാഗങ്ങള്‍ വില്‍ക്കുന്നതായി വാട്ട്‌സപ്പില്‍ വ്യാജ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതാണ് മൃഗീയ കൊലപാതകങ്ങള്‍ക്ക് കാരണമായത്. സംഭവമറിഞ്ഞ് രണ്ട് ഗ്രാമങ്ങളിലും പോലീസ് എത്തിയപ്പോള്‍ ഗ്രാമവാസികള്‍ പോലീസുകാരെയും ആക്രമിച്ചു. പൊലീസ് വാഹനങ്ങള്‍ക്ക് ആക്രമികള്‍ തീയിടുകയും ചെയ്തു. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല