സ്വന്തം ലേഖകന്‍: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ ഝാര്‍ഖണ്ഡില്‍ നാട്ടുകാര്‍ ക്രൂരമായി അടിച്ചു കൊലപ്പെടുത്തി. റാഞ്ചിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സുക്‌സാരി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്ത ഇയാളെ വീട്ടില്‍ കയറി നാട്ടുകാര്‍ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. വടി, ബെല്‍റ്റ്, കല്ല് തുടങ്ങിയവ ഉപയോഗിച്ചുള്ള മര്‍ദ്ദനത്തിനൊടുവില്‍ 25കാരനായ ജവഹര്‍ ലോഹര്‍ മരിച്ചു.
അഞ്ചു വയസുകാരിയെ തന്റെ വീട്ടില്‍ വെച്ച് ജവഹര്‍ പലതവണ പീഡിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പകുതി ഭാഗം മണലില്‍ താഴ്ത്തിയ നിലയില്‍ ഉപേക്ഷിച്ചത്രേ. പെണ്‍കുട്ടി പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ ജവഹറിന്റെ വീട്ടില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് കണ്ടതായി നാട്ടുകാര്‍ പറയുന്നു.
ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് അയാളെ മര്‍ദ്ദിച്ചതെന്ന് ചാന്ദിലി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജനക്കൂട്ടത്തിന്റെ നടപടിക്കെതിരെ ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുനില്‍ കിസ്‌പോത രംഗത്തെത്തിയിട്ടുണ്ട്.
ബലാത്സംഗക്കുറ്റത്തിന് ജവഹര്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും അയാളെ ആക്രമിക്കാന്‍ ജനക്കൂട്ടത്തിന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ ഗ്രാമപ്രദേശങ്ങളില്‍ ‘ആള്‍ക്കൂട്ട നീതി’ നടപ്പിലാക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. 2013 ഫെബ്രുവരിയില്‍ പ്രദേശവാസിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് മൂന്ന് യുവാക്കളെ തല്ലിച്ചതച്ച് റോഡിലൂടെ വലിച്ചിഴച്ചിരുന്നു. 2014 ഓഗസ്റ്റില്‍ 35കാരിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് 50കാരനായ രാധാ മോഹന്‍ മുണ്ടയെ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്നതും വാര്‍ത്തയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല