സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിലെ ഝലം, ചെനാബ് നദികളിലെ രണ്ടു ജലവൈദ്യുത പദ്ധതികള്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്നു ഇന്ത്യക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. പാക് പാര്‍ലമെന്റ് കമ്മിറ്റികള്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഈ ആവശ്യം. ജല തര്‍ക്കം പരിഹരിക്കാനായി മധ്യസ്ഥ കോടതി രൂപീകരിക്കാന്‍ തയാറാകണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.
ഡാമുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തി വെക്കണം. മധ്യസ്ഥ കോടതി രൂപീകരിച്ച് ഇന്ത്യ നടത്തുന്ന കിഷന്‍ഗംഗ, റേറ്റില്‍ ജലവൈദ്യുത പദ്ധതികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് പാകിസ്താനുള്ള പരാതി പരിഹരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. സിന്ധു നദീജല കരാര്‍ അനുസരിച്ച് മധ്യസ്ഥ കോടതി കാലതാമസം കൂടാതെ രൂപീകരിക്കേണ്ടത് ലോകബാങ്കിന്റെ ഉത്തരവാദിത്തമാണ്. ലോക ബാങ്ക് മധ്യസ്ഥ കോടതി രൂപീകരിക്കുന്നതു വരെ നിര്‍മാണം പുരോഗമിക്കുന്ന റേറ്റില്‍ ഡാമിന്റെ പ്രവര്‍ത്തികള്‍ ഇന്ത്യ നിര്‍ത്തിവെക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം.
ഒരു കാരണവശാലും സിന്ധു നദീജല കരാര്‍ ലംഘിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് പ്രമേയം പാസാക്കിയ യോഗത്തില്‍ സംസാരിച്ച പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനു ലോകബാങ്കിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്തു വിലകൊടുത്തും ഈ വിഷയത്തില്‍ പാക്കിസ്ഥാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല