സ്വന്തം ലേഖകൻ: സ്കൂളിൽ പഠിക്കവേ സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ബംഗ്ലാദേശി വംശജ ഷമീമ ബീഗം പൗരത്വം പുനഃസ്ഥാപിക്കാൻ നല്കിയ ഹർജി ബ്രിട്ടീഷ് അപ്പീൽ കോടതി തള്ളി. അപ്പീൽ കോടതിയിലെ മൂന്നു ജഡ്ജിമാരും ഒരേ സ്വരത്തിലാണു വിധി പ്രസ്താവിച്ചത്.
24 വയസുള്ള ഷമീമ ഇപ്പോൾ വടക്കൻ സിറിയയിലെ തടവറയിലാണുള്ളത്. ലണ്ടനിലെ സ്കൂളിൽ പഠിക്കവേ 15-ാം വയസിൽ സിറിയയിലേക്കു കടന്നതാണ്. ദിവസങ്ങൾക്കകം ഐഎസ് ഭീകരനെ വിവാഹം ചെയ്തു. ഇവർക്കുണ്ടായ മൂന്നു കുഞ്ഞുങ്ങളും മരണപ്പെട്ടു.
2019ൽ ഇസ്ലാമിക് സ്റ്റേറ്റ് തകർന്ന ശേഷമാണു ഷമീമയെ സിറിയയിലെ തടവറയിൽ കണ്ടെത്തുന്നത്. ഇതിനു പിന്നാലെ ബ്രിട്ടീഷ് സർക്കാർ ഇവരുടെ പൗരത്വം റദ്ദാക്കുകയായിരുന്നു. 21 വയസുവരെ ബംഗ്ലാദേശി പൗരത്വത്തിന് അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും ചെയ്തില്ല. ഇവരെ രാജ്യത്തു കയറ്റില്ലെന്നു ബംഗ്ലാദേശും പ്രഖ്യാപിച്ചിട്ടുണ്ട്. ഷമീമയ്ക്ക് ഇപ്പോൾ ഒരു രാജ്യത്തും പൗരത്വമില്ല.
ഷമീമ മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാണെന്ന അവരുടെ അഭിഭാഷകന്റെ വാദം ബ്രിട്ടീഷ് കോടതി ജഡ്ജിമാർ അംഗീകരിച്ചില്ല. ദേശീയസുരക്ഷ ഇതിനെല്ലാം മുകളിലാണെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല