കൃഷി മന്ത്രിക്ക് ഒരു ലിറ്റര്‍ പാലിന് എന്ത് വിലയാകുമെന്ന് പോലും അറിയില്ല. ക്യഷി മന്ത്രി ജിം പെയ്‌സ് ആണ് പാലിന്റെ വില അറിയില്ലന്ന് പറഞ്ഞതിനെ തുടര്‍ന്ന് പുലിവാല് പിടിച്ചിരിക്കുന്നത്. പാലിന് വിലകുറച്ചത് മൂലം കര്‍ഷകര്‍ കനത്ത പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് കൃഷിമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞദിവസം ഡയറിഫാമുകളില്‍ നിന്നുളള പാലിന്റെ വില കുറയ്ക്കുന്നതിനെതിരെ സമരം ചെയ്യാന്‍ പാടില്ലന്ന് ജിം കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റേഡിയോ ഫോര്‍ നടത്തിയ അഭിമുഖത്തിലാണ് ഒരു പിന്റ് പാലിന് എന്ത് വിലയാകുമെന്ന് തനിക്കറിയില്ലന്ന് ജിം സമ്മതിച്ചത്. തന്റെ ഭാര്യയാണ് വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങുന്നതെന്നും അതിനാല്‍ തനിക്ക് ഈ വക സാധനങ്ങളുടെയൊന്നും വില അറിയില്ലന്നുമാണ് ജിം റേഡിയോയിലൂടെ പ്രഖ്യാപിച്ചത്.
ജിമ്മിന്റെ പ്രസ്താവന കര്‍ഷകരുടെ ഇടയില്‍ കനത്ത പ്രതിക്ഷേധത്തിന് കാരണമായി. അവശ്യസാധനങ്ങളുടെ വില പോലുമറിയാത്ത ഒരാളാണ് കൃഷിമന്ത്രിയെന്നത് ഡേവിഡ് കാമറൂണിന്റെ മന്ത്രിസഭയേയും വെട്ടിലാക്കി. രാജ്യത്തെ മുഴുവന്‍ കര്‍ഷകരേയും അപമാനിക്കുന്ന തരത്തിലുളള ഒരു പ്രസ്താവന ആയിപ്പോയി ഇതെന്ന് വെല്‍ഷ് ഡയറി കര്‍ഷകനും ഫാര്‍മേഴ്‌സ് ഫോര്‍ ആക്ഷന്റെ ചെയര്‍മാനുമായ ഡേവിഡ് ഹാന്‍ഡ്‌ലി പറഞ്ഞു. റേഡിയോ ഷോയിലെ അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹത്തെ വെറുമൊരു ബഫൂണാക്കി മാറ്റിയെന്നും ഹാന്‍ഡ്‌ലി കുറ്റപ്പെടുത്തി. ഡയറി വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയും ആളുകള്‍ വിലക്കയറ്റം കാരണം നട്ടം തിരിയുകയും ചെയ്യുന്ന അവസരത്തില്‍ കൃഷി മന്ത്രിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ലന്ന അറിവ് ഞെട്ടിക്കുന്നതാണന്ന് ഷാഡോ സെക്രട്ടറി മേരി ക്രേഗ് പറഞ്ഞു.
ഒരു പിന്റയുടെ വിലയെത്രയെന്നത് പണ്ട് മുതലേ രാഷ്ട്രീയക്കാര്‍ എത്രത്തോളം ജനങ്ങളുമായി അടുത്തുനില്‍ക്കുന്നു എന്നറിയാന്‍ ചോദിക്കുന്ന ചോദ്യമാണ്. ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് ഈ ചോദ്യം ചോദിച്ചിരുന്നു. അന്‍പത് പെന്നിയില്‍ താഴെയാണന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മേയില്‍ ഒരു പിന്റിന്റെ വില ശരാശരി നാല്‍പ്പത്തിയാറ് പെന്നിയായിരുന്നു. വിലകുറക്കുന്നതിന് എതിര് നില്‍ക്കുന്ന കര്‍ഷകര്‍ക്കെതിരേ കനത്ത നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം ജിം പെയ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉല്‍പ്പാദന ചെലവിലും താഴെ പാല്‍ വില്‍ക്കാനാകില്ലെന്നും നഷ്ടം സഹിച്ച് വ്യവസായം തുടരുന്നതിനേക്കാള്‍ നല്ലത് അടച്ചു പൂട്ടുന്നതാണന്നും കര്‍ഷകര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഗവണ്‍മെന്റിന്റെ നടപടികള്‍ ധാരാളം കര്‍ഷകര്‍ ഡയറി വ്യവസായത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമാകുമെന്നും അവര്‍ കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല