സ്വന്തം ലേഖകന്‍: കേരളത്തെ ഞെട്ടിച്ച ജിഷ കൊലക്കേസിലെ പ്രതി അസം സ്വദേശി അമിയൂര്‍ ഇസ്ലാം പിടിയില്‍. കൊല്ലപ്പെട്ട ദളിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ സുഹൃത്തായിരുന്ന ആളാണ് ഇയാളെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. തൃശൂര്‍ പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയില്‍ വെച്ചാണ് അമിയൂര്‍ പിടിയിലായത്. ജിഷയുടെ ശരീരത്തില്‍ കൊലയാളി കടിച്ചതെന്ന് കരുതുന്നിടത്ത് നിന്ന ലഭിച്ച ഡിഎന്‍എ സാമ്പിള്‍ നേരത്തേ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിനൊപ്പം ജിഷയുടെ വീട്ടില്‍ നിന്നും കിട്ടിയ ചെരുപ്പിലെ സാമ്പിളുകളും പ്രതിയെ കുരുക്കാന്‍ സഹായകമായി.
ജിഷ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഇയാള്‍ ജിഷയുമായി സൗഹൃദത്തിലായിരുന്നു. ലൈംഗിക വൈകൃത സ്വഭാവമുള്ള ഇയാള്‍ ജിഷയുടെ വീടിന്റെ 200 മീറ്റര്‍ അകലെയാണ്താ മസിച്ചിരുന്നത്. സംഭവദിവസം രാവിലെ ഇയാള്‍ ജിഷയുടെ വീട്ടില്‍ എത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് നാലു മണിയോടെ മദ്യപിച്ച ശേഷം വീണ്ടും എത്തുകയായിരുന്നു.
ഏപ്രില്‍ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടില്‍ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയില്‍ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയിരുന്നു. ജിഷയുടെ വീട്ടില്‍ നിന്നും കിട്ടിയ ചെരുപ്പാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായത്. ചെരുപ്പ് വാങ്ങിയ കടയുടമയുടെ മൊഴി പ്രതിയിലേക്ക് നീളുന്നതായിരുന്നു.
കൊല നടന്ന ജിഷയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത ചെരുപ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കൊലയാളിയിലേക്ക് എത്തിയത്. വീടിന്റെ പരിസരത്തുനിന്നു ലഭിച്ച ചെരുപ്പുകള്‍ ഏപ്രില്‍ 28നു കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്നതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണു ഫോറന്‍സിക് പരിശോധനാഫലം. ചെരുപ്പ് വിറ്റ കുറുപ്പംപടിയിലെ കടയുടമ നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു. സിമെന്റ് പറ്റിപ്പിടിച്ച ഏഴ് ഇഞ്ചിന്റെ സ്ലിപ്പോണ്‍ ചെരുപ്പാണ് ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ചത്.
തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരുന്നു. കൊലയാളിയിലേക്കുള്ള പോലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേക്കു കേന്ദ്രീകരിച്ചു. ചെരുപ്പില്‍ സിമെന്റ് പറ്റിയിരുന്നതിനാല്‍ കെട്ടിടനിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയം ഉണ്ടായിരുന്നു. ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
മുഖ്യമന്ത്രിമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ച് വാര്‍ത്ത പുറത്തുവിട്ടത് ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമായിരുന്നു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷയുടെ ശരീരത്ത് 38 മുറിവുകള്‍ ഉണ്ടായിരുന്നു.കൊലപാതക സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും കൊലയാളിക്ക് 23 വയസ്സ് മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. 50 ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കൊലപാതകത്തിന് കാരണം പെട്ടെന്നുള്ള പ്രകോപനമായിരുന്നെന്നും പോലീസ് കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല