സ്വന്തം ലേഖകന്‍: ജിഷാ വധക്കേസ്, പ്രതി അമിര്‍ ഉള്‍ ഇസ്‌ളാമിന്റെ ചിത്രം പുറത്തുവിട്ടു. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും ഹാജരാക്കാനിരിക്കെ മുഖംമൂടിയില്ലാതെയാണ് പ്രതിയെ അന്വേഷണ സംഘം പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി വരച്ച രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിവക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രം.
ആലുവ പോലീസ് ക്ലബ്ബില്‍ നിന്നും മുഖം മൂടാതെ പ്രതിയെ കോടതിയിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പിനായി അമീറിനെ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൊണ്ടുവന്നത് ഹെല്‍മറ്റും മറ്റും ധരിപ്പിച്ചായിരുന്നു. കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ പല വിവരങ്ങളും കിട്ടിയ സാഹചര്യത്തിലാണ് പ്രതിയുടെ ചിത്രം പുറത്തുവിട്ടതെന്നാണ് സൂചന.
പ്രതിയെ മാധ്യമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി അതീവ രഹസ്യമായിട്ടായിരുന്നു അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നത്. അതേസമയം പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി പ്രതിക്ക് യാതൊരു സാമ്യവുമില്ല. സാമ്യമില്ലാത്ത രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത് പ്രതിയെ ആശയക്കുഴപ്പത്തിലാക്കി പിടികൂടാനായിരുന്നു എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല