സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് ഓവുചാലില്‍, ജനരോഷം കത്തുന്നു, തിരുവനന്തപുരത്തെ നെഹ്‌റു ഗ്രൂപ്പ് ഓഫീസ് അടിച്ചുതകര്‍ത്തു. കോളജ് ഹോസ്റ്റലില്‍ അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ കുളിമുറിയുടെ ഓവുചാലില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. ‘എന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നു’വെന്ന് ആത്മഹത്യാക്കുറിപ്പില്‍ ജിഷ്ണു പറയുന്നതായാണ് റിപ്പോര്‍ട്ട്. ‘ഞാന്‍ അവസാനിപ്പിക്കുന്നു’ എന്ന് എഴുതിയ ശേഷം വെട്ടിത്തിരുത്തിയതായും കത്തിലുണ്ടെന്ന് സൂചനയുണ്ട്.
ജിഷ്ണുവിന്റേതെന്ന പേരില്‍ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതെന്നു ബന്ധുക്കള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു കത്തെഴുതുമെന്ന് വിശ്വസിക്കുന്നില്ല. കേസ് അട്ടിമറിക്കാനുള്ള മാനേജ്‌മെന്റിന്റെ ശ്രമമാണിത്. പോലീസ് സീല്‍ ചെയ്ത റൂമിനടുത്തുനിന്ന് കത്ത് കണ്ടെടുത്തു എന്ന വാദം ദുരൂഹമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചെന്ന പേരില്‍ കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും കൂട്ടുകാരും ആരോപിക്കുന്നത്. കോപ്പിയടി പിടിച്ച വിഷമത്തിലാണ് നാദാപുരം വളയം സ്വദേശിയായ ജിഷ്ണു ജീവനൊടുക്കിയതെന്നാണ് കോളജ് അധികൃതരുടെ വാദം.
സംഭവവുമായി ബന്ധപ്പെട്ട് കോളജിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി സംഘടനകള്‍ കോളേജിലേക്ക് നടത്തിയ പ്രകടനം ആക്രമാസക്തമാകുകയും കോളേജ് സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളജസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രതിഷേധക്കാരായ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
ജിഷ്ണുവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘടനകളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. കോളജുകളുടെ സുരക്ഷ കണക്കിലെടുത്ത് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്റേതാണ് ഈ തീരുമാനം. സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴിലുള്ള 120 കോളജുകളാണ് അടച്ചിടുക.
ഇതിനിടെ, സംസ്ഥാനത്തെ സ്വശ്രയ എഞ്ചിനീയറിങ് കോളജുകളിലെ ഉള്ളറകളെ കുറിച്ച് അറിയാന്‍ സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനമായി. വിദ്യാര്‍ത്ഥികളുടെ പരാതികേള്‍ക്കുന്ന ഓംബുഡ്‌സ്മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി കോളജുകള്‍ക്ക് അഫിലിയേഷന്‍ പുതുക്കി നല്‍കൂ. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാകും ഇതിനായി നിയമിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല