സ്വന്തം ലേഖകന്‍: ജിഷ്ണുവിന്റെ അമ്മ നിരാഹാരം തുടരുന്നു, ഐസിയുവിലേക്ക് മാറ്റി, കേസില്‍ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്നും എല്ലാം ചെയ്തിട്ടുണ്ടെന്നും പിണറായി. നിരാഹാര സമരത്തിനിടെ ആഹാരം കഴിച്ചുവെന്ന പ്രചരണത്തില്‍ പ്രതിഷേധിച്ച് മഹിജയും ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തും ഡ്രിപ്പും പഴച്ചാറും നിരസിച്ചിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കുകയും മഹിജയെ ഐ.സിയുവിലേക്ക് മാറ്റുകയുമായിരുന്നു.
ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ നിരാഹാര സമരം തുടങ്ങിയത്. ഐ.സിയുവിലേക്ക് മാറ്റിയ സാഹചര്യത്തില്‍ മഹിജയ്ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചാണ് നിര്‍ദ്ദേശം നല്‍കിയത്. നിരാഹാര സമരത്തെ പിന്തുണച്ച് ജിഷ്ണുവിന്റെ പതിനാല് കുടുംബാംഗങ്ങളും നിരാഹാര സമരം തുടങ്ങി.
അതേസമയം, കോഴിക്കോട് വളയത്തെ വീട്ടില്‍ നിരാഹാരമനുഷ്ടിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില വഷളായി. ആശുപത്രിയിലേക്ക് മാറണമെന്ന വടകര റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശം അവിഷ്ണ തള്ളി. പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും അവിഷ്ണ വ്യക്തമാക്കി.
ജിഷ്ണു കേസില്‍ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്തു. പോലീസിന്റെ നടപടികള്‍ പ്രചരിപ്പിച്ച് ആരും സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതേണ്ട. തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നവരുടെ കെണിയില്‍ സര്‍ക്കാര്‍ വീഴില്ലെന്നും പിണറായി പറഞ്ഞു.
തെറ്റായ പ്രചരണങ്ങള്‍ സൃഷ്ടിക്കുനന് കെണിയില്‍ വീഴാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സര്‍ക്കാരും പോലീസും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ്. അതേസമയം തെറ്റായ നടപടികളോട് ദാഷണ്യമുണ്ടാകില്ലെന്നും പിണറായി വ്യക്തമാക്കി. ഇരിങ്ങാലക്കുടയില്‍ വനിതാ പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല