സ്വന്തം ലേഖകന്‍: ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ചു, കാമ്പസിലെ ദളിത് വിവേചനത്തിന്റെ ഇരയെന്ന് കൂട്ടുകാര്‍, പ്രതിഷേധം ശക്തം. തമിഴ്‌നാട്ടിലെ സേലം സ്വദേശി മുത്തുകൃഷ്ണനാണ് (രജിനി ക്രിഷ്, 25)തിങ്കളാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും എം.ഫില്‍, പി.എച്ച്.ഡി പ്രവേശനങ്ങളില്‍ സര്‍വകലാശാലയില്‍ കടുത്ത വിവേചനമുള്ളതായി ഈ മാസം പത്തിന് മുത്തുകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലക്ക് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി പ്രക്ഷോഭരംഗത്തുള്ള ‘സാമൂഹികനീതിക്കായി സംയുക്ത കര്‍മസമിതി’യുടെ സജീവ പ്രവര്‍ത്തകനായിരുന്നു മുത്തുകൃഷ്ണന്‍. മികച്ച വിദ്യാര്‍ഥിയും എഴുത്തുകാരനുമായിരുന്ന മുത്തുകൃഷ്ണന്‍ ജീവിതം അവസാനിപ്പിച്ചത് വിശ്വസിക്കാനാവുന്നില്ലെന്ന് കര്‍മസമിതി അംഗങ്ങള്‍ പറഞ്ഞു.
ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ മുത്തുകൃഷ്ണന്‍ ഉറങ്ങണമെന്നാവശ്യപ്പെട്ട് മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാതിരുന്നതോടെ വീട്ടുകാര്‍ സംശയം തോന്നി പൊലിസിനെ അറിയിക്കുകയായിരുന്നു. രോഹിത് വെമുലയുടെ മാതാവിനെ അഭിസംബോധന ചെയ്ത് കഴിഞ്ഞ വര്‍ഷം തന്റെ ബ്ലോഗില്‍ രാജ്യത്തെ ദലിത്പിന്നാക്ക വിഭാഗങ്ങളിലെ ജീവിതാവസ്ഥ തുറന്നുകാട്ടിയിരുന്നു.
പത്താംക്ലാസ് പോലും കടന്നിട്ടില്ലാത്തവരാണ് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത്. നിരവധി രോഹിത് വെമുലമാരെ അവര്‍ കൊന്നുകൊണ്ടിരിക്കും. എന്നാല്‍, ഞങ്ങളാണ് ഈ മണ്ണിന്റെ മക്കള്‍. ഞങ്ങള്‍ കൊല്ലപ്പെട്ടാല്‍പിന്നെ ഈ രാജ്യമില്ലെന്നും മുത്തുകൃഷ്ണന്‍ ബ്ലോഗില്‍ കുറിച്ചിരുന്നു.
അതേസമയം മുത്തുകൃഷ്ണന്റെ ജന്മനാടായ സേലത്ത് വിസികെ റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തില്‍ റോഡുപരോധിച്ചുള്ള പ്രതിഷേധം തുടരുകയാണ്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് രജിനി ക്രിഷിന്റെ(മുത്തുകൃഷ്ണന്‍) പിതാവ് ജീവാനന്ദം മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല